മരിക്കുന്നത് വരെ കെവിന്‍റെ ഭാര്യയായി തന്നെ ജീവിക്കുമെന്ന് നീനു ; നീനുവിന് എതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം
ഇനിയുള്ള കാലം കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്നും തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിന്‍ കൊല്ലപ്പെട്ടത് എന്നും നീനു. കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും നീനു വെളിപ്പെടുത്തി. കെവിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് പലതവണ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പിടിയിലായ നിയാസും മറ്റ് ബന്ധുക്കളും ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്ന് നീയാസ് ഭീഷണിപ്പെടുത്തി. കെവിന്റെ ഭാര്യയായി തന്നെ തുടര്‍ന്നും ജീവിക്കുമെന്നും ഇവിടെ നിന്ന് ആരും തന്നെ കൊണ്ടുപോകരുതെന്നും നീനു അഭ്യര്‍ഥിച്ചു. അതേസമയം കെവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് വിദേശത്തുനിന്നെത്തിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. മാത്രമല്ല കെവിനെ ആക്രമിക്കുന്ന വിവരം നീനുവിന്റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.
അറസ്റ്റുണ്ടാകുമെന്ന് സൂചന ലഭിച്ച നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയി. നീനുവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ അവളുടെ കുടുംബം നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ നീനുവിന്റെ കാര്യത്തില്‍ ജാതിയാണ് പ്രശ്നമായതെന്ന് അറസ്റ്റിലായ നിയാസിന്റെ മാതാവ് ലൈല ബീവി പറഞ്ഞു. നീനുവിന്റെ മാതാവിന്റെ സഹോദരന്റെ മകനാണ് നിയാസ്. കെവിനെ ആക്രമിക്കുമെന്ന എല്ലാ വിവരവും നീനുവിന്റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. ഇവരാണ് നിയാസിനോട് വാഹനം തരപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഈ വിവരവും പ്രതികള്‍ പോലീസിനോട് പറഞ്ഞു. മാത്രമല്ല അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായ നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹന ബീവിയും ഒളിവില്‍ പോയി. ആക്രമണത്തിന് സംഘത്തെ ഒരുക്കിയത് ഷാനുവാണെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 13 പേരുണ്ടായിരുന്നു. ഇവരില്‍ രണ്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ശനിയാഴ്ച ഷാനു വിദേശത്ത് നിന്ന് വന്നത് സഹോദരിയുടെ വിവാഹവാര്‍ത്ത അറിഞ്ഞുകൊണ്ടാണ്. കെവിന്‍ താഴ്ന്ന ജാതിക്കാരനായത് കൊണ്ടാണ് ആക്രമിച്ചതെന്ന് ലൈല ബീവി പറയുന്നു. കെവിനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പലവട്ടം ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ലൈല ബീവി പറയുന്നു. തന്റെ മകന്‍ നിയാസിനെ കേസില്‍ കുടുക്കിയതാണ്. അവന്‍ പിന്തിരിയാന്‍ ശ്രമിച്ചപ്പോള്‍ ഷാനു നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ലൈല ബീവി പറഞ്ഞു.
അതേസമയം വിഷയത്തില്‍ നീനുവിനെതെരിരെ അസഭ്യം ചൊരിയുകയാണ് സോഷ്യല്‍ മീഡിയ. കെവിനെ കാണാതായതിനെക്കുറിച്ചും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെക്കുറിച്ചും നീനു മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ഫേസ്ബുക്കിലും യൂട്യൂബിലുമുണ്ട്. മലയാളികളുടെ മനോനില എത്രത്തോളം തകരാറിലായിരിക്കുന്നു എന്നറിയാന്‍ ആ വീഡിയോകള്‍ക്ക് ലഭിച്ചിരിക്കുന്ന പ്രതികരണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാവും. കെവിനും നീനുവും ഇത് തന്നെയാണ് അര്‍ഹിക്കുന്നതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. പ്രണയിച്ചതും വീട്ടുകാരെ ധിക്കരിച്ച് കെവിനൊപ്പം ഇറങ്ങിപ്പോയതുമെല്ലാം തെറ്റാണെന്നും നീനുവിന്റെ ആങ്ങള ചെയ്തതാണ് ശരിയെന്നും മറ്റുമാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തിനാണ് പെണ്ണുങ്ങളേ ഈ കണ്ടവന്‍മാരെ സ്‌നേഹിച്ചു അവന്മാരുടെ കൂടെ ഓടിപോവുന്നത്. ഏത് വീട്ടിലും പ്രശ്‌നമുണ്ടാക്കുന്നത് പെണ്ണുങ്ങളാണ്. ഇവള്‍ കാരണം രണ്ട് പേരുടെ ജീവിതം താറുമാറായി.ആങ്ങളയുടെയും ഭര്‍ത്താവിന്റെയും. ഇവള്‍ക് ഒരു നഷടവുമില്ല.കാരണം ഇവള്‍ ഇതെല്ലാം കഴിയുമ്പോള്‍ വേറെ ഒരുത്തനെ കലൃണം കഴിച് ജീവക്കും എന്നാണ് ഒരുത്തന്റെ കമന്റ്. കണ്ണീര്‍ കളയാതെ വീട്ടില്‍ പോടീ എന്ന് ഒരാളുടെ കമന്റ്. സ്വന്തം മോളെ പോലെ നിന്നൊക്കെ വളര്‍ത്തി വലുതാക്കിയ ഒരു ഏട്ടന്‍ ഇങ്ങനെ പ്രതികരിച്ചതിനെ കുറ്റപ്പെടുത്താന്‍ ഒരു പെങ്ങള്‍ ഉള്ള എനിക്ക് ആവില്ലെന്ന് മറ്റൊരുത്തന്‍.
പെറ്റു വളര്‍ത്തിയ മാതാപിതാക്കളെയും പൊന്നുപോലെ കരുതിയ സഹോദരനെയും വിട്ട് ഇന്നലെ കണ്ടവന്റെ കൂടെ പോന്ന എല്ലാ അവളുമാര്‍ക്കും ഇത് പാഠമാകണമെന്ന് മറ്റൊരാള്‍ പ്രതികരിച്ചിരിക്കുന്നു. കടി സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ ഇവള്‍മാര്‍ ഇണകളെ കണ്ടെത്തി ഓടുന്നത് എന്ന തരത്തിലുള്ള അശ്ലീല പ്രതികരണങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍. അച്ഛന്‍ അമ്മമാര്‍ പെണ്ണ് മക്കളെ കൂടുതലായി സ്‌നേഹിച്ചാല്‍ കിട്ടുന്ന ശിക്ഷയാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ എന്നാണ് ഒരാളുടെ പ്രതികരണം. കേരളത്തില്‍ എത്രത്തോളം ജാതീയത വേരാഴ്ന്ന് കിടക്കുന്നു എന്നതിന്റെ തെളിവാണ് കെവിന്റെ ക്രൂരമായ കൊലപാതകം. മാത്രമല്ല കെവിന്റെ കൊലയാളികളുടെ മനോനിലയുള്ള വലിയൊരു ഭൂരിപക്ഷം നമുക്കിടയില്‍ ഉണ്ടെന്നാണ് ഈ ദാരുണ സംഭവത്തോടുള്ള പ്രതികരണങ്ങള്‍ കാട്ടിത്തരുന്നത്.