അവള്‍ക്ക് ഇനിയുള്ള നാളുകള്‍ കടന്നുപോകേണ്ടുന്നത് വിവരിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള വിഷമഘട്ടങ്ങളിലൂടെ
താന്‍ പ്രണയിച്ച യുവാവിനെ വഞ്ചിക്കാതെ, അവനൊപ്പം ജീവിക്കാനുള്ള വഴി തിരഞ്ഞെടുത്ത് വീട്ടില്‍ നിന്നിറങ്ങിയ നീനു സ്വപനത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല തന്നെ കാത്തിരിക്കുന്നത് കണ്ണീരിന്റെ ദിനങ്ങളാണെന്ന്. സ്വന്തം സഹോദരന്‍ താന്‍ പ്രണയിച്ച യുവാവിനെ കൊലപ്പെടുത്തുന്നതിന് മുന്നില്‍ നിന്നപ്പോള്‍ മാതാപിതാക്കളും അതില്‍ പങ്കുകാരായെന്നത് തന്നെയാകും നീനുവിനെ തളര്‍ത്തുക.
കെവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ മുതലുള്ള നീനുവിന്റെ സങ്കടം അവിടെ കൂടിയിരിക്കുന്നവരെയെല്ലാം തന്നെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. കെവിന്റെ പിതാവ് നീനുവിനെ ആശ്വസിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതും കാണാമായിരുന്നു കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ തുടരുമെന്നും നീനു നേരത്തെ തന്നെ പറഞ്ഞിരുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയതുമുതലുള്ള ഓരോ നിമിഷവും നീനുവിനെ തളര്‍ത്തുന്നത് തന്നെയായിരുന്നു. ഏക ആശ്രയമായി കണ്ട്, ഓടിയെത്തിയ പോലീസ് സ്റ്റേഷനില്‍ പോലും വിപരീത ഫലമാണുണ്ടാക്കിയത്. ഒരുപക്ഷെ പോലീസ് ക്രിയാത്മകമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തീരുമായിരുന്ന പ്രശ്നമാണ് കെവിനെന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തില്‍ അവസാനിച്ചത്.
വന്‍ ജനാവലിയാണ് കെവിന്റെ മൃതദഹ സംസ്‌ക്കാരം ശുശ്രൂഷയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. കെവിന്റെ വിയോഗത്തില്‍ ഏറെ തളര്‍ന്നുപോയ നീനുവിനെ കാത്തിരിക്കുന്നതാകട്ടെ മാനസീക സംഘര്‍ഷത്തിന്റെ ദിനങ്ങള്‍. ഒരു വശത്ത് തനിക്കായി മരണം വരിച്ച കെവിനും, മറുവശത്ത് തന്നെ സ്‌നേഹിച്ച കാരണത്താല്‍ കെവിന് മരണം സമ്മാനിച്ച തന്റെ സഹോദരനും, പിതാവും, അടുത്ത ബന്ധുക്കളും.
ആദ്യ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശാരീരം നിറയെ ഉപദ്രവിച്ച പാടുകളുണ്ടെങ്കിലും, അവയൊന്നും മരണകാരണമായിട്ടില്ല, മുങ്ങി മരണമാണ് കാരണമായി പറയുന്നതെങ്കിലും. ആന്തരീക അവയവങ്ങളുടെ പരിശോധന ഫലം കൂടി പുറത്ത് വരേണ്ടതായിട്ടുണ്ട്.