കെവിന്‍ മരിച്ചത് വെള്ളത്തില്‍ മുങ്ങി ; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വധുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശി കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. വെള്ളം ഉള്ളില്‍ച്ചെന്നുള്ള മുങ്ങിമരണം ആണെന്നാണ് പ്രാഥമിക നിഗമനം. കെവിന്‍റെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്. എന്നാല്‍ ഇവ മരണകാരണം ആയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കണ്ണിനും കാര്യമായ പരിക്കുപറ്റിയിട്ടുണ്ട്. ക്രൂര മര്‍ദനത്തിന് ശേഷം വെള്ളത്തിലേക്കെറിഞ്ഞതോ പ്രതികളുടെ പിടിയില്‍ നിന്ന് രക്ഷപെടുന്നതിനിടെ തോട്ടിലേക്ക് വീണതോ ആകാമെന്നു റിപ്പോര്‍ട്ട് പറയുന്നു. അതുപോലെ ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതം മരണകാരണമായോ എന്ന് പരിശോധനാ ഫലം കിട്ടിയ ശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തും. അതിനുശേഷം മാത്രമേ അന്തിമറിപ്പോര്‍ട്ട് പുറത്തുവിടുകയുള്ളു.