കുമ്മനം മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ 23-ാം ഗവര്‍ണറും രണ്ടാം മലയാളി ഗവര്‍ണറുമാണ് കുമ്മനം രാജശേഖരന്‍. 2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമന്‍ ഇവിടെ ഗവര്‍ണറായിരുന്നു.

ലഫ്. ജനറല്‍ (റിട്ട )നിര്‍ഭയ ശര്‍മ വിരമിക്കുന്ന ഒഴിവിലാണ് ബി.ജെ.പി.യുടെ കേരള സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചത്. നിലവില്‍ കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് മിസോറം. മിസോറമില്‍ മോദിയും അമിത് ഷായും കണ്ണുവെച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ വിശ്വസ്തനായ കുമ്മനത്തെ അവിടെ നിയോഗിക്കാനുള്ള തീരുമാനത്തിനുപിന്നില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുറപ്പിക്കാന്‍ യത്നിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ തന്ത്രം തന്നെയാണ്.