കോഴികളിലെ നിപ്പ വൈറസ് ; വാട്സ് ആപ്പ് സന്ദേശം വ്യാജം ; പ്രചരണം ഡി.എം.ഒയുടെ വ്യാജ സീല്‍ നിര്‍മ്മിച്ച്

തമിഴ്നാട്ടില്‍ നിന്ന് വരുന്ന കോഴികളില്‍ നിപ്പ വൈറസ് കണ്ടെത്തിയെന്ന വാട്സ് ആപ്പ് സന്ദേശം വ്യാജമാണ് എന്ന് ആരോഗ്യ വകുപ്പ്. നിപ്പ വൈറസ് ബ്രോയിലര്‍ കോഴികളില്‍ നിന്നാണ് പടരുന്നതെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് ഡിഎംഒ പേരില്‍ സീല്‍ സഹിതമാണ്‌ സന്ദശം പ്രചരിച്ചിരിക്കുന്നത്. ഈ സീല്‍ വ്യാജമാണ്. വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താവുന്ന കേസാണ് ഇത്.

നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. നിപ്പ വൈറസ് പക്ഷികളിലൂടെ പകരും എന്ന വാര്‍ത്ത വന്നതിനു പിന്നാലെ കോഴികളില്‍ നിപ്പ സ്ഥിതീകരിച്ചു എന്ന രീതിയില്‍ വ്യാപകമായി വാര്‍ത്ത‍ വന്നിരുന്നു. അസുഖം കണ്ടെത്തിയതിനെ തുടര്‍ന്ന്‍ കേരളത്തിലെ ഫലവിപണിയിലും കച്ചവടം കുറഞ്ഞിരുന്നു.