ഷാരൂഖ് ഖാന്‍ അഫ്ഘാനിലേക്ക് റാഷിദ് ഖാന്‍ ഇന്ത്യയിലേക്ക്
ഐപിഎല്‍ ഫൈനല്‍ രണ്ടാം ക്വാളിഫൈയര്‍ മത്സരത്തില്‍ 10 പന്തില്‍ നിന്ന് 34 റണ്‍സും വെറും 19 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളും വീഴ്ത്തിയ 19 കാരനായ അഫ്ഘാന്‍ ലെഗ് സ്പിന്നര്‍ ആണ് റാഷിദ് ഖാന്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ നടത്തിയ മിന്നും പ്രകടനം ആണ് ഖാനെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനാക്കിയത്.
അഫ്ഘാന്‍ താരത്തെ ഇന്ത്യന്‍ പൗരത്വം നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കൊണ്ടുവരണം എന്നതാണ് ആരാധകരുടെ ആവശ്യം. ഈ ആവശ്യം അവര്‍ ട്വിറ്ററില്‍ ആഘോഷമാക്കി മാറ്റി. ട്വിറ്റര്‍ അഭിപ്രായങ്ങള്‍ക്ക് അഫ്ഘാന്‍ പ്രസിഡന്റ് അഷ്റഫ് ഘനിയുടെ മറു ട്വീറ്റും വന്നു. ‘റാഷിദ് ഖാന്‍ അഫ്ഘാന്റെ യശസ്സ് വാനോളം ഉയര്‍ത്തി. അഫ്ഘാന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള മികച്ച വേദി നല്‍കിയ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് നന്ദി. റാഷിദ് ഖാന്‍ ക്രിക്കറ്റ് ലോകത്തിനു ഒരു മുതല്‍ക്കൂട്ടാണ്. ഇല്ല, റാഷിദിനെ ഞങ്ങള്‍ വിട്ടു തരാന്‍ ഉദ്ദേശമില്ല’
ഇതില്‍ ഏറ്റവും രസകരമായ സംഭവം രവി മിശ്ര എന്ന യുവാവിന്റെ ട്വീറ്റ് ആണ്. ‘ഷാരൂഖ് ഖാനെ എടുത്തോളൂ റാഷിദ് ഖാനെ വിട്ടു തരൂ’ അഫ്ഘാനോട് രവിയുടെ അഭ്യര്‍ത്ഥനയാണ്. എന്തായാലും ഈ മാറ്റക്കച്ചവട ട്വീറ്റിന്റെ ചുവടു പിടിച്ചു ട്വിറ്ററില്‍ പ്രമുഖരുടേത് ഉള്‍പ്പടെ ഒരുപാട് അഭിപ്രായങ്ങള്‍ വരുന്നുണ്ട്.രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തത് ‘കമാല്‍ ഖാനെ എടുത്തോളൂ റഷീദ് ഖാനെ വിട്ടു തരൂ’ എന്നാണ്. കിട്ടുന്ന അവസരം ഒക്കെ പ്രമുഖര്‍ക്കെതിരെ ഫേസ്ബുക്കിലും ട്വിറ്ററിലും കമെന്റുകള്‍ പറഞ്ഞു ജനശ്രദ്ധ നേടുന്നയാളാണ് കമാല്‍ ഖാന്‍. എന്നാല്‍ ഇവയൊന്നും ആരും കാര്യമായി എടുക്കാറില്ല ഒരു കോമാളിയായാണ് ഇയാളെ കാണുന്നത്.