2.5 കോടി മുടക്കി യു.എ.ഇ യിലെ ഫുജൈറയില്‍ പള്ളി പണിത മലയാളിയുടെ പ്രത്യേകതയെന്ത്?
ഫുജൈറയിലെ അല്‍ ഹെയ്ല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 1.3 മില്യണ്‍ ദിര്‍ഹംസ് (2.5 കോടി ഇന്ത്യന്‍ രൂപ) മുടക്കിയാണ് പുതിയ മുസ്ലിം പള്ളി പണികഴിപ്പിച്ചത്. ഇതുപോലെ അനവധിയും ഇതിന്റെ പതിന്മടങ്ങു ചിലവിലും പണിത പള്ളികള്‍ ഉള്ള രാജ്യമാണ് യുഎഇ. അങ്ങിനെയിരിക്കെ ഈ പള്ളിയുടെ സവിശേഷത ഇത് നിര്‍മ്മിച്ചത് സജി ചെറിയാന്‍ എന്ന കായംകുളം സ്വദേശിയായ ക്രിസ്തുമത വിശ്വാസിയാണ് എന്നതാണ്.
250 പേര്‍ക്ക് പള്ളിയുടെ അകത്തെ ഹാളിലും 700ല്‍ അധികംപേര്‍ക്ക് പുറത്തും നമസ്‌കരിക്കാന്‍ കഴിയും. പുറത്തു ഇന്റര്‍ലോക്ക് പാകിയ സ്ഥലത്ത് തണലിനായി താല്‍ക്കാലിക മേല്‍ക്കൂരയും ഉണ്ട്.
53 ല്‍ അധികം കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളെ താമസിപ്പിക്കാന്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന അക്കോമൊഡേഷന്‍ കോംപ്ലക്‌സ് സജിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ഇതിനോട് ചേര്‍ന്നാണ് പുതുതായി നിര്‍മ്മിച്ച പള്ളി. നമസ്‌കാരത്തിനായി ഇവിടെ താമസിക്കുന്ന തൊഴിലാളികള്‍ ഒരുപാട് ദൂരം നടക്കുകയോ അല്ലെങ്കില്‍ ടാക്‌സി വിളിച്ചു പോകുകയോ ആണ് പതിവ്. ഈ ബുദ്ധിമുട്ട് മനസിലാക്കിയാണ് സജി ചെറിയാന്‍ ഇവിടെ ഒരു പള്ളി പണിയാന്‍ തീരുമാനിച്ചത്. ഈ റമദാന്‍ മാസം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി സജിയുടെ സമ്മാനമാണ് ഈ മനോഹരമായ പള്ളി.
പള്ളി പണിയാന്‍ അവിടുത്തെ ഇസ്ലാമിക് അഫയേഴ്സ് അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ അനുമതി നേടുകയും ചെയ്തു. അധികൃതരുടെ പൂര്‍ണ്ണ സഹകരണം നേടിയെന്നു മാത്രമല്ല മുസ്ലിം പള്ളി പണിയാന്‍ തയ്യാറായി വന്ന സജി ചെറിയാന്‍ ഒരു ക്രിസ്ത്യാനി ആണ് എന്നറിഞ്ഞതില്‍ അവര്‍ ഏറെ സന്തോഷിച്ച അധികൃതര്‍ സൗജന്യ വൈദ്യുതിയും ജലവിതരണവും നല്‍കി. പള്ളിയിലേക്കുള്ള കാര്‍പെറ്റും സൗണ്ട് സിസ്റ്റവും അധികൃതരില്‍ നിന്നും സ്വീകരിച്ചത് ഒഴിച്ചാല്‍ ബാക്കി എല്ലാ പണികളുടെയും ചെലവ് പൂര്‍ണ്ണമായും സജി തന്നെയാണ് വഹിച്ചത്. ‘മറിയം-ഉമ്മു ഈസാ’ എന്നാണ് പള്ളിയ്ക്ക് നല്‍കിയിരിക്കുന്ന പേര്, അര്‍ത്ഥം ‘മറിയം, യേശുവിന്റെ മാതാവ്’.
സജി അറബിനാട്ടിലെ ജീവിതം ഇങ്ങനെ:
49 കാരനായ സജി ചെറിയാന്‍ 2003ല്‍ ആണ് യുഎഇയില്‍ എത്ുന്നത്. 15 കൊല്ലത്തിനിടയില്‍ അനവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് സജി ഇന്നത്തെ നിലയിലേക്ക് തന്റെ ബിസിനസ്സ് വളര്‍ത്തിയത്. ‘450 ചെക്കുകള്‍ മടങ്ങി ഏകദേശം 16 മില്യണ്‍ ദിര്‍ഹംസ് കടക്കാരനുമായിരുന്നു ഞാന്‍. പക്ഷെ തോല്‍വി സമ്മതിച്ച് തിരിച്ചു പോയില്ല, കഠിനമായി അധ്വാനിച്ചു.’ ഇന്‍സ്റ്റാള്‍മെന്റില്‍ നിര്‍മ്മാണ സാധനങ്ങള്‍ വാങ്ങി 70 റൂമുകള്‍ ഉള്ള വര്‍ക്കര്‍ അക്കൊമൊഡേഷന്‍ പണിതു സജി. അധ്വാനത്തിന്റെ ബലമെന്നോ ഭാഗ്യമെന്നോ പറയാം നിര്‍മ്മാണം പൂര്‍ത്തിയായ ദിവസം തന്നെ ഒരു ക്ലയന്റ് വന്നു ഒരു മില്യണ്‍ ദിര്‍ഹത്തിന് വാടകയ്ക്കെടുത്തു. മൂന്നു വര്ഷം കഴിയുമ്പോള്‍ 800ല്‍ അധികം റൂമുകള്‍ ഉണ്ട് ഈ കോംപ്ലക്‌സില്‍, കൂടാതെ സൂപ്പര്‍മാര്‍ക്കറ്റും ലോണ്ടറിയും സലൂണും മറ്റും ഉണ്ട്. ഇന്ന് 68 മില്യണ്‍ ആസ്തിയുള്ള ബിസിനസ്സുകാരന്‍ ആണ് സജി ചെറിയാന്‍. ബിസിനെസ്സില്‍ തന്നെ സഹായിക്കുകയും തന്റെ സുഖത്തിലും ദുഖത്തിലും കഷ്ടപ്പാടിലും തന്റെ ഒപ്പം നിന്ന എല്‍സി എന്ന സഹധര്‍മ്മിണിയ്ക്കാണ് സജി ഈ സൗഭാഗ്യങ്ങളുടെ എല്ലാ ക്രെഡിറ്റും നല്‍കുന്നത്. സച്ചിന്‍ എല്‍വിന്‍ എന്നിവരാണ് സജിയുടെ മക്കള്‍.