ചെങ്ങന്നൂര്‍ ഫലം, പ്രവര്‍ത്തകര്‍ ചതിച്ചെന്ന് സ്ഥാനാര്‍ഥി. കെ എം മാണി വെട്ടിലാകും
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ആദ്യഘട്ട ഫല പ്രവചനങ്ങളില്‍ നിന്ന് പുറകോട്ട് പോയിരിക്കുകയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുന്‍പ് കെ.എം. മാണിയെ വീട്ടില്‍ ചെന്ന് കണ്ട യു.ഡി.എഫ് നേതാക്കള്‍ അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും പിന്തുണയും നേടിയിരുന്നു. തന്നെ വീട്ടില്‍ വന്നു കണ്ട നേതാക്കളെയെല്ലാം തന്നെ കാര്യമായി കെ. എം. മാണി പരിഗണിച്ചെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടുള്ള സമീപനം വ്യത്യസ്തമായിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടിയുടെ സമ്മര്‍ദ്ദത്തിലുള്ള ഈ കൂടിക്കാഴ്ചയെ കെ. മാണിയുടെ യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവായും വിലയിരുത്തിയിരുന്നു. എന്നാല്‍ കൂടെ നിന്ന് കാലുവാരിയ കെ.എം. മാണിയുടെ കാലുപിടിക്കാന്‍ എന്തിന് നേതാക്കള്‍ പോയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം യുവനിരയും പ്രവര്‍ത്തകരും. വി.ടി ബല്‍റാമിനെയും, ജോസഫ് വഴക്കനേയും പോലുള്ളവര്‍ കെ.എം. മണിയോടുള്ള ഈ നിലപാട് തുറന്നു പറയുകയും ചെയ്തിരുന്നു.
കെ.എം. മാണിയുടെ പിന്തുണ വന്നതോടെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ നല്ലൊരു വിഭാഗം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ട് നിന്നു. കെ.എം. മാണിയുടെ കാലില്‍ വീണ യു.ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ചെയ്തികള്‍ പോലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. മണ്ഡലത്തില്‍ പലയിടങ്ങളിലും പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇതിന്റെ ചൂടറിയുകയും ചെയ്തിരുന്നു. നേതാക്കള്‍ മാത്രമുള്ള മാണിഗ്രൂപ്പ്കാര്‍ക്കൊപ്പം പ്രചരണത്തിനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.
ഇതിന്റെ ചുവട് പറ്റിയാണ് നാളെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെ തുറന്ന് പറച്ചില്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായി ഡി വിജയകുമാര്‍ പറഞ്ഞു. ഒരുഘട്ടത്തില്‍ പോലും പിന്നോട്ട് പോകാതിരുന്ന യു.ഡി.എഫ് അവസാനഘട്ട പ്രചാരണത്തില്‍ പിന്നിലായിപ്പോയി. പലയിടത്തും ബൂത്ത് പ്രവര്‍ത്തനങ്ങള്‍ മോശമായിരുന്നു. എന്നാല്‍ നേതാക്കള്‍ ഒപ്പംനിന്നെന്നും, പക്ഷേ പ്രവര്‍ത്തകര്‍ ഒപ്പമില്ലായിരുന്നെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥിയുടെ ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പുതിയ പോര്‍ മുഖം തുറന്നിരിക്കുകയാണ് ‘പ്രവര്‍ത്തകരില്ലാതെ നേതാക്കളില്ലെന്നും, നേതാക്കളടിച്ചേല്‍പ്പിക്കുന്നവര്‍ക്കൊപ്പം തങ്ങളില്ലെന്നുമുള്ള വാദത്തിലാണ് പ്രവര്‍ത്തകര്‍.
ചങ്ങന്നൂരില്‍ യു.ഡി.എഫിന് തോല്‍വിയാണെങ്കില്‍ അത് വീണ്ടും കോണ്‍ഗ്രസ്സ് – കേരള കോണ്‍ഗ്രസ്സ് എം. പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക് പോരിലേക്ക് കടക്കുകയും കെ.എം മാണിയുടെ യു.ഡി. എഫ് പ്രവേശനം കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിവെക്കുകയും ചെയ്യും.