അടൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു വഴിയില്‍ തള്ളി

അടൂര്‍ : കോട്ടയം സംഭവത്തിനു സമാനമായ തട്ടിക്കൊണ്ടുപോകല്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന്‍ പാളി. പത്തനംതിട്ട അടൂരിലാണ് ഭാര്യയുടെ കാമുകനെന്ന് ആരോപിച്ച് യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു അവശനാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് ഏനാത്ത് സ്വദേശിയായ യുവാവിനെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ട് പോകുന്നത്. ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ട് പോകലും മര്‍ദ്ദനവും .

എന്നാല്‍ വിവരം ലഭിച്ച ഉടന്‍ തന്നെ പോലീസിന് ഇവരെ പിന്തുടര്‍ന്നത് കൊണ്ട് യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു സംഘം കടന്നുകളയുകയായിരുന്നു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ അനുജനെയും സുഹൃത്തിനെയും പിടികൂടി. ഭര്‍ത്താവ് ഒളിവിലാണ്. പോലീസിന്റെ കൃത്യ സമയത്തുള്ള ഇടപെടല്‍ മൂലം വലിയ അപകടത്തില്‍ നിന്നാണ് യുവാവ് രക്ഷപ്പെട്ടത്.