അധിക നികുതി ഒഴിവാക്കും ; ജൂണ്‍ ഒന്നുമുതല്‍ കേരളത്തിലെ ഇന്ധനവില കുറയും

കേരളത്തിലെ ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ധന വില്‍പനയില്‍ ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നികുതി ഇളവ് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പെട്രോളിന്റെയും ഡീസലിന്റേയും അധിക നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം രാവിലെ തന്നെ ധനവകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അധിക നികുതിയില്‍ കുറവ് വരുത്തിക്കൊണ്ട് ഇന്ധന വിലയില്‍ ഒരുരൂപയുടെ കുറവ് വരുത്താനാണ് നിര്‍ദേശം.

അധിക നികുതിയില്‍ കുറവ് വരുത്താന്‍ തത്വത്തില്‍ ധാരണയായി. എന്നാല്‍ എത്രകണ്ട് കുറവുവരുത്തണമെന്ന് കണക്കാക്കാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് നികുതി അവലോകനം ചെയ്യാനും പ്രതീക്ഷിത വരുമാനത്തില്‍ കുറവരാതിരിക്കാന്‍ നോക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.