അമീര്‍ഖാനും മകളും തമ്മിലുള്ള ഫോട്ടോയ്ക്ക് എതിരെ ഫേസ്ബുക്ക് സദാചാര ആങ്ങളമാര്‍
അച്ഛനും മകളും തമ്മിലുള്ള ഫോട്ടോയ്ക്ക് പോലും അശ്ലീലം ആരോപിച്ചുകൊണ്ട് സദാചാര പടയാളികള്‍. ബോളിവുഡ് താരമായ അമിര്‍ ഖാനെയാണ് മകളോടൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ സഭ്യത പഠിപ്പിക്കാന്‍ സൈബര്‍ ലോകത്തെ സദാചാരവാദികള്‍ ഇറങ്ങിയിരിക്കുന്നത്. ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനും ആമീറിന്റെ കസിനുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം കൂനിരില്‍ എത്തിയതായിരുന്നു താരം. ഇതിനിടയിലാണ് ആഘോഷങ്ങളുടെ ചിത്രം ആമീര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതില്‍ മകള്‍ക്കൊപ്പം പുല്‍ത്തകിടിയില്‍ കിടക്കുന്ന ചിത്രമാണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ട മകള്‍ ഇറ പുല്‍തകിടിയില്‍ കിടക്കുന്ന ആമീര്‍ഖാന്റെ ദേഹത്ത് കയറിയിരുന്ന് സ്‌നേഹം പങ്കിടുന്ന ചിത്രമാണ് ആമീര്‍ പങ്കുവെച്ചത്.
അച്ഛനും മകളും ആയാല്‍ എന്താ മാന്യതയുടെ സീമകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചിലര്‍ കുറിച്ചു. ചിത്രത്തില്‍ ലൈംഗികത ഉണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ തുറന്ന സ്ഥലത്തല്ല മറിച്ച് അടച്ചിട്ട മുറിക്കുള്ളിലാണ് ചെയ്യേണ്ടതെന്നായിരുന്നു ചിലര്‍ കുറിച്ചത്. പുണ്യമാസമായ റംസാന്റെ സമയത്ത് പോലും ഇത്തരത്തില്‍ ഇറുങ്ങിയ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരുന്നൂടേയെന്നായി ചിലര്‍. നിങ്ങള്‍ വലിയ താരമൊക്കെയായിരിക്കും എങ്കിലും മകളോടൊത്തുള്ള ഇത്തരം കളികള്‍ അംഗീകരിക്കാനാവില്ലെന്നാണ് ചിലര്‍ കമന്റിട്ടത്. അച്ഛന്‍-മകള്‍ ബന്ധത്തിന് നിരക്കാത്ത രീതിയിലാണ് ഇരുവരും പെരുമാറുന്നത് എന്ന് പോലും ചിലര്‍ കമന്റിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനിടെ മദ്യം കഴിച്ച് ആഘോഷിച്ചതിനും ആമിര്‍ ഖാനെ ചിലര്‍ ശാസിക്കുന്നു. അച്ഛനും മകളും തമ്മിലുള്ള ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നതെന്നും റംസാന്‍ മാസത്തില്‍ അച്ഛനും മകള്‍ക്കും സ്‌നേഹം പങ്കുവെക്കാന്‍ പാടില്ലേയെന്നും ആമിറിനെ അനുകൂലിക്കുന്നവര്‍ ചോദിച്ചു. ആമീര്‍ ഖാന്റെ ആദ്യ ഭാര്യയില്‍ ഉള്ള മക്കളാണ് ഇറയും ജുനൈദും.