യുഡിഎഫിനെ മാണി ചതിച്ചോ ?
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കേരളാ കോണ്‍ഗ്രസ് മാണി ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത്. മാണിയുമായുള്ള കൂട്ടുകെട്ട് യു.ഡി.എഫിന് സമ്മാനിച്ചിരിക്കുന്നത് വലിയ തിരിച്ചടിയാണ്.
കെ. എം. മാണി ചെങ്ങന്നൂരില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചച്ചതിനു പിന്നാലെ ജോസ് .കെ. മാണി തങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ പതിനായിരത്തിലധികം വോട്ടുണ്ടെന്ന അവകാശ വാദമുന്നയിച്ചിരുന്നു. എന്നാല്‍ ഇലക്ഷന്‍ റിസള്‍ട്ട് നല്‍കുന്ന ഫല സൂചന വിപരീതമാണ്. മാണി ഗ്രൂപ്പ് ഭരിക്കുന്ന പഞ്ചായത്തില്‍ പോലും സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് യൂ.ഡി.എഫ് ക്യാമ്പില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ ചെങ്ങന്നൂരിലെ പ്രാദേശിക നേതാക്കള്‍ ഈ പിന്തുണ യു.ഡി.എഫിന് ഗുണകരമാകില്ലെന്ന് ഇലക്ഷന് മുന്‍പ് തന്നെ നേതൃത്തത്തെ അറിയിച്ചിരുന്നു.
കെ.എം. മാണിയുടെ പിന്തുണ വന്നതോടെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ നല്ലൊരു വിഭാഗം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ട് നിന്നിരുന്നു. കെ.എം. മാണിയുടെ കാലില്‍ വീണ യു.ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ചെയ്തികള്‍ പോലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിരുന്നു. മണ്ഡലത്തില്‍ പലയിടങ്ങളിലും പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇതിന്റെ ചൂടറിയുകയും ചെയ്തിരുന്നു. നേതാക്കള്‍ മാത്രമുള്ള മാണിഗ്രൂപ്പ്കാര്‍ക്കൊപ്പം പ്രചരണത്തിനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. ഇത് ഇന്നലെ സ്ഥാനാര്‍ഥി തന്നെ നേതാക്കള്‍ കൂടയുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ അനുകൂല നിലപാടെടുത്തില്ലെന്ന് പറഞ്ഞിരുന്നു.