തിരഞ്ഞെടുപ്പ് ഫലം അഴിമതിക്കാരനായ മാണിയെ തലയിലേറ്റിയതിന്റെ ദുരന്തമെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി.സുനില്‍.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം അഴിമതിക്കാരനായ മാണിയെ തലയിലേറ്റിയതിന്റെ ദുരന്തമെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി.സുനില്‍.

ചെങ്ങന്നൂരില്‍ മാണി ഗ്രൂപ്പ് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ വികാരം നിറഞ്ഞ് നിന്നിരുന്നു. പലയിടങ്ങളിലും സ്ഥാനാര്‍ഥി പ്രചാരണത്തിനായി എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രതികരണങ്ങള്‍ നേരിടേണ്ടതായും വന്നിരുന്നു. നേതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ നിരാകരിക്കുമെന്ന പാഠം പഠിപ്പിക്കുകകൂടിയാണ് ഈ കനത്ത തോല്‍വി. തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തെന്നും, എന്നാല്‍ എന്തെല്ലാമോ അടിയൊഴുക്കുകള്‍ നടന്നുവെന്നും കെ.എം. മാണി പ്രതികരിച്ചു. തങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ പതിനായിരത്തിലധികം വോട്ടുണ്ടെന്ന ജോസ് കെ മാണിയുടെ വാദം മാണീഗ്രൂപ്പ് ഭരിക്കുന്ന പഞ്ചായത്തില്‍ പോലും യു.ഡി.എഫ്. സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് എത്തിയതോടെ തകരുകയായിരുന്നു.

ടി.ജി.സുനിലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അഴിമതിയും, ജാതി രാഷട്രീയത്തിന്റെ വക്താക്കളെയും കേരള ജനത പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാണിയെ ചുമന്ന യു ഡി എഫിന്റെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പരാജയം. കോണ്‍ഗ്രസിന്റെ അടിസ്ഥാന ശിലകളായ മതേതരത്വത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും വഴിമാറിജാതി രാഷ്ട്രീയം കളിക്കുന്ന മാണിയെ പോലുള്ളവര്‍ക്ക് പിന്നാലെ പോകുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ കേരള ജനത തിരസ്‌കരിക്കുമെന്ന നഗ്‌ന സത്യമാണ് ചെങ്ങന്നൂരില്‍ പ്രതിഫലിച്ചത്. രണ്ടിലക്കു വേണ്ടി മതേതര ഇന്ത്യയുടെ എക്കാലത്തേയും പ്രതീക്ഷയായ കോണ്‍ഗ്രസ് എന്ന വടവൃക്ഷത്തിന്റെ വേരറുക്കരുത്.