ഗോവാ ബീച്ചില്‍ ഇനിമുതല്‍ സന്ധ്യ കഴിഞ്ഞാല്‍ പ്രവേശനം ഇല്ല

യുവതി കൂട്ട ബലാല്‍സംഗത്തിനു ഇരയായതിനെ തുടര്‍ന്ന്‍ ഗോവയിലെ ബീച്ചില്‍ സന്ധ്യസമയം കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ചു. ദക്ഷിണ ഗോവയിലെ ബേടല്‍ബാടിം ബീച്ചിലാണ് സന്ധ്യ കഴിഞ്ഞുള്ള സന്ദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. പഞ്ചായത്താണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാത്രി 7.30 നു ശേഷമാണ് നിരോധനം. മേയ് 25നാണ് കാമുകനൊപ്പം ബീച്ചിലെത്തിയ ഇരുപതുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. കാമുകനു മുന്നില്‍വച്ച്, മധ്യപ്രദേശില്‍നിന്നുള്ള മൂന്നംഗസംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിചത്.

“രാത്രി 7.30 നു ശേഷം സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക എന്നത് പഞ്ചായത്തിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണ്. ബീച്ചിലേക്കുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിക്കും. ഇത് സന്ധ്യക്കു ശേഷം അടയ്ക്കും”. ഇതുമായി ബന്ധപ്പെട്ട പരസ്യപ്പലക സ്ഥാപിക്കുമെന്നും പഞ്ചായത്ത് സര്‍പഞ്ച് കോണ്‍സ്റ്റാന്‍ഷ്യോ മിറാന്‍ഡ പറയുന്നു. അതേസമയം നിരോധനം ഏര്‍പ്പെടുത്തിയതിനേക്കാള്‍ സന്ദര്‍ശകര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചാല്‍ പോരായിരുന്നോ എന്നാണ് വ്യാപാരികള്‍ പറയുന്നത്.