ഏഴു സംസ്ഥാനങ്ങളില്‍ കര്‍ഷകസമരം ; കേരളം പട്ടിണിയിലാകാന്‍ സാധ്യത
രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തിനിറങ്ങുന്നത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കണം, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് 10 ദിവസം നീളുന്ന സമരത്തിന് കര്‍ഷകര്‍ തയ്യാറായിരിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്. സമരം തുടര്‍ന്നാല്‍ ഉപ്പ്‌തൊട്ട് കര്‍പ്പൂരത്തിന് വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പട്ടിണിയിലാകുവാന്‍ സാധ്യതയുണ്ട്. അതുപോലെ വിപണിയില്‍ പൂഴ്ത്തിവെപ്പ് കൂടുവാനും സാധ്യതയുണ്ട്. അതുപോലെ കേരളത്തിലെ കര്‍ഷകരും സമരത്തില്‍ പങ്കാളികളാകുമെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചിരിക്കുന്നത്.
സമരം സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയുകയോ റോഡുകള്‍ ഉപരോധിക്കുകയോ ചെയ്യില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചു എങ്കിലും സമരം പലയിടത്തും ആരംഭിച്ചതായും ചിലയിടങ്ങളില്‍ സമരക്കാര്‍ പച്ചക്കറികളുമായി പോയ വാഹനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സമരത്തിന്റെ ഭാഗമായി പച്ചക്കറികള്‍, ഭക്ഷ്യ വസ്തുക്കള്‍, പാലുത്പന്നങ്ങള്‍ എന്നിവ സമീപ നഗരങ്ങളിലേക്ക് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കും. ഇവ ആവശ്യമുള്ളവര്‍ ഗ്രാമങ്ങളില്‍ വന്ന് വാങ്ങിക്കൊണ്ട് പോകണമെന്നും സമരക്കാര്‍ പറഞ്ഞു. മാത്രമല്ല പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ 30 പ്രധാന ദേശീയ പാതയോരങ്ങളില്‍ ധര്‍ണ്ണ നടത്തുവാനും തീരുമാനം ഉണ്ട്. കര്‍ഷകസമരം കോണ്‍ഗ്രസ് തയ്യാറാക്കിയതാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ് പ്രതികരിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് പിന്നാലെ കര്‍ഷക സമരം തുടങ്ങിയത് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.