ഗവര്‍ണറോട് സ്ഥാനം ഒഴിഞ്ഞുപോകാന്‍ മിസോറം

കുമ്മനം രാജശേഖരന്‍ എന്ന വ്യക്തി ഗവര്‍ണ്ണര്‍ സ്ഥാനത്തിന് അനുയോജ്യനല്ല. ഗവര്‍ണ്ണറെ ഉടന്‍ മാറ്റണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നത് അവിടുത്തെ ഒരു പ്രധാന പാര്‍ട്ടിയാണ്. കഴിഞ്ഞ ദിവസം മിസോറം പോസ്റ്റ് എന്ന ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണിത്. മിസോറാമില്‍ ഏറ്റവും പ്രചാരമുള്ള പത്രമാണ് ‘മിസോറം പോസ്റ്റ്’, അതിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയാണിത്. ടെലിഗ്രാഫ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് അടക്കം നിരവധി പ്രമുഖ പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

ഗവര്‍ണ്ണര്‍ ആയി കുമ്മനം സ്ഥാനമേറ്റ് വെറും ഒരു  ദിവസം മാത്രം കഴിയുമ്പോള്‍ പ്രിസം എന്ന പാര്‍ട്ടിയാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്. സ്വന്തം സംസ്ഥാനമായ കേരളത്തില്‍ മതേതര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്ത വ്യക്തിയാണ് ഇദ്ദേഹം. മിസോറാമില്‍ മത സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഈ ‘മതേതര വിരുദ്ധ ഗവര്‍ണറെ’ സ്ഥാനത്തു നിന്നും മാറ്റണമെന്ന് അധികാരികളോട് ആവശ്യപ്പെടാന്‍, അവിടുത്തെ 13 പ്രധാന ചര്‍ച്ചുകളുടെ കൂട്ടായ്മയായ MKHC യോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സാമൂഹിക സാംസ്‌കാരിക സംഘടനകളോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രിസം. ‘ആര്‍എസ്എസ്, വിശ്വ ഹിന്ദു പരിഷത്, ഹിന്ദു ഐക്യവേദി എന്നീ തീവ്ര വര്‍ഗ്ഗീയ സംഘടനകളുടെ പ്രധാന നേതാവായിരുന്നു കുമ്മനം രാജശേഖരന്‍. ക്രിസ്ത്യന്‍ മിഷനറികള്‍ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കുപ്രസിദ്ധനാണ് ഇദ്ദേഹം’, നിലക്കല്‍ സംഘര്‍ഷം ഉള്‍പ്പടെ നിരവധി സംഭവങ്ങളെ ചൂണ്ടികാണിച്ച് കുമ്മനത്തിന്റെ ക്രൈസ്ഥവ വിരുദ്ധത വിശദീകരിക്കുകയാണ് പ്രിസം.

ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമാണ് മിസോറം. 87% ക്രൈസ്തവരും 9% ബുദ്ധമത വിശ്വാസികളും, 2.5% ഹിന്ദുക്കളും ആണ് മിസോറാമില്‍. ‘പീപ്പിള്‍സ് റെപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റേറ്റസ് ഓഫ് മിസോറം’ എന്ന ‘പ്രിസം’ അഴിമതി വിരുദ്ധ സംഘടനയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടി ആയത് കഴിഞ്ഞ വര്‍ഷമാണ്. 2018ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി രൂപീകരിച്ചത്.