സീതാ ദേവി ലോകത്തിലെ ആദ്യ ടെസ്റ്റ്‌ ട്യൂബ് ശിശു എന്ന് ബിജെപി മന്ത്രി

ലഖ്നൗ : ശ്രീരാമന്റെ ഭാര്യയായ സീതാ ദേവിയാണ് ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു എന്നും രാമായണ കാലത്തും ടെസ്റ്റ് ട്യുബ് ശിശുക്കള്‍ ഉണ്ടായിരുന്നുവെന്നും യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ. നാരദനെ ഗൂഗിളിനോട് ഉപമിച്ചതിന് പിന്നാലെയാണ് രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടായിരുന്നെന്ന പ്രസ്താവനയുമായി മന്ത്രി രംഗത്ത് വന്നത്. കഴിഞ്ഞില്ല അക്കാലത്തും ഇന്റര്‍നെറ്റും ലൈവ് ടെലികാസ്റ്റും ഉണ്ടായിരുന്നു എന്നും മഹാഭാരത യുദ്ധം ധൃതരാഷ്ട്രര്‍ തത്സമയം കണ്ടിരുന്നുവെന്നും ദിനേഷ് ശര്‍മ്മ പറഞ്ഞു. പത്രപ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരത കാലത്താണെന്ന് ബുധനാഴ്ച ശര്‍മ്മ അവകാശപ്പെട്ടിരുന്നു. കാഴ്ചാ ശേഷിയില്ലാതിരുന്ന ധൃതരാഷ്ട്രര്‍ക്ക് കുരുക്ഷേത്ര യുദ്ധത്തില്‍ പതിനെട്ട് ദിവസവും നടന്ന കാര്യങ്ങള്‍ സഞ്ജയ ഹസ്തിനപുരത്ത് ഇരുന്ന് വിവരിച്ചു നല്‍കിയിരുന്നു.

ഇതടക്കം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പുരാണകാലത്തും ആധുനിക സാങ്കേതികവിദ്യകള്‍ ഉണ്ടായിരുന്നുവെന്ന് സമര്‍ത്ഥിക്കുകയാണ് ദിനേഷ് ശര്‍മ്മ. നിങ്ങളുടെ ഗൂഗിള്‍ ഇപ്പോഴല്ലേ ഉണ്ടായത്. ഞങ്ങളുടെ ഗൂഗിള്‍ പണ്ടേ ആരംഭിച്ചതാണ്. നാരദന്‍ അറിവിന്റെ സംഗ്രഹമായിരുന്നു. നാരായണ നാരായണ എന്ന് മൂന്ന് തവണ പറഞ്ഞാല്‍ അദ്ദേഹത്തിന് എവിടെയും ഒരു നിമിഷം കൊണ്ട് അറിവ് എത്തിക്കാന്‍ സാധിക്കുമായിരുന്നു എന്നും ശര്‍മ്മ അവകാശപ്പെടുന്നു. ഹിന്ദി ജേര്‍ണലിസം ദിനത്തില്‍ ജേര്‍ണലിസം പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക്  മുന്‍പില്‍ സംസാരിക്കവെയാണ് നാരദന്‍ ആദ്യത്തെ ഗൂഗിളാണെന്ന് ദിനേഷ് ശര്‍മ്മ അവകാശപ്പെട്ടത്. നേരത്തെ ത്രിപുര മുഖ്യമന്ത്രിയും സമാനമായ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു.