കെവിന്‍ വധം ; കോട്ടയം മുന്‍ എസ് പി നീനുവിന്‍റെ അടുത്ത ബന്ധു എന്ന് വെളിപ്പെടുത്തല്‍

വിവാദമായ കെവിന്‍ വധക്കേസില്‍ കെവിന്‍റെ ഭാര്യനീനുവിന്റെ അമ്മ രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന് വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകനാണ് ഏറ്റുമാനൂര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്‌ഐ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ പോലീസ് ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ഉന്നത ഉദ്യേഗസ്ഥരെ സ്ഥലം മാറ്റുക മാത്രം ചെയ്ത് തങ്ങളെ കുടുക്കുകയായിരുന്നെന്ന പരാതിയാണ് ബിജുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറയുന്നത്. മരിച്ച കെവിന്റെ ഭാര്യ നീനുവിന്റെ അമ്മയുടെ ബന്ധുവാണ് സംഭവം നടക്കുമ്പോള്‍ കോട്ടയം എസ് പിയായിരുന്ന മുഹമ്മദ് റഫീഖ്.

നീനുവിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതി. അതേസമയം,കേസന്വേഷണത്തിന്റെ കാര്യത്തില്‍ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തില്‍ മുഹമ്മദ് റഫീഖിനെതിരെ വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അദ്ദേഹം ടിബിയിലേക്ക് മുഹമ്മദ് റഫീഖിനെ നേരിട്ടുവിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കേസന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട എന്നായിരുന്നു. എന്നാല്‍,മുഹമ്മദ് റഫീഖ്പറഞ്ഞത് കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.