മാലാഖാമാര്‍ക്കൊപ്പം വില്ലന്മാരും, നിപ്പയുടെ വില്ലന്മാര്‍.


നിപ രോഗം പടരുന്നത് തടയാന്‍ അത്യാവശ്യമായി ഒറ്റപ്പെട്ട വാര്‍ഡുകള്‍ നിര്‍മിക്കുക എന്നതായിരുന്നു അധികൃതര്‍ക്കു മുന്നിലെ ആദ്യ വെല്ലുവിളി. ജോലിക്കാര്‍ വിസമ്മതിച്ചപ്പോള്‍ സാമൂഹിക പ്രതിബന്ധതയോടെ അതിനായി രംഗത്തു ധൈര്യപൂര്‍വ്വം മുന്ന്‌നിട്ട് വന്നതാകട്ടെ ഒരു കൂട്ടം യുവാക്കളാണ്. എല്ലാരും ജീവഭയംകൊണ്ട് ഒഴിഞ്ഞു മാറിയപ്പോള്‍ ഇതിന് തയ്യാറായത് സിറാജും അദ്ദേഹം നേതൃത്വം നല്‍കുന്ന ഫൈറ്റ് ഫോര്‍ ലൈഫ് എന്ന കൂട്ടായ്മയുമാണ്. ജനറല്‍ വാര്‍ഡില്‍ മറ്റുരോഗികള്‍ക്കൊപ്പം നിപ ബാധയുള്ളവരെ ചികിത്സിക്കാന്‍ മെഡിക്കല്‍ ടീമും വിസമ്മതമറിയിച്ചിരുന്നു.

ഈ പ്രതിസന്ധി ഉള്ളപ്പോഴാണ് ഡോ. ജയേഷ് വഴിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇവിടേക്കു എത്തുന്നത്. വൈത്തിരിയില്‍നിന്ന് വന്ന സുഹൃത്തുക്കളായ ആബിദ്, റഷീദ്, ആരിഫ്, റിയാസ്, മഹമ്മൂദ്, കോഴിക്കോട്ടെ ഇലക്ട്രിഷന്‍ വിജയന്‍ എന്നിവരാണ് രാവും പകലും വിത്യാസമില്ലാതെ ജോലി ചെയ്തത്. തൊഴിലാളികളെ പലരേയും വിളിച്ചിട്ടും നിപ്പാ ഭയന്നും അവരിലധിക പേരും ആ വഴിക്കു വന്നില്ല. എല്ലാ വിധ സജ്ജീകരണങ്ങളും ഈ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കൊപ്പം ഡോക്ടര്‍മാരായ ജയേഷും കുര്യാക്കോസും ചേര്‍ന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രനും സൂപ്രണ്ട് ഡോ. സജിത്തും ഡോ. ഡാനിഷും എല്ലാ പിന്തുണയും നല്‍കി. മൂന്നു ദിവസം കൊണ്ട് അമ്പതിലധികം വാര്‍ഡുകളാണ് ഇവര്‍ സജ്ജീകരിച്ചത്. ഇവര്‍ തയ്യാറാക്കിയ പ്രത്യേക വാര്‍ഡുകളിലാണ് നിപ്പാ രോഗികളെല്ലാമുള്ളത്. രോഗം പരസ്പരം പകരാതിരിക്കാന്‍ ഇതു കാരണമാവുകയും ചെയ്തു.