തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം ; കേസ് കെട്ടിച്ചമച്ചതെന്ന് വനിതാ കമ്മീഷന്‍
എടപ്പാളില്‍ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ സംഭവത്തില്‍ വിവരം ലോകത്തിനെ അറിയിച്ച തിയറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ചു കൊണ്ട് വനിതാ കമ്മീഷന്‍. സതീഷിനെതിരെ പോലീസ് കെട്ടിച്ചമച്ച കേസാണ് എടുത്തിരിക്കുന്നതെന്നും തികച്ചും അപലപനീയമായ നടപടിയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം.സി ജോസഫൈന്‍ വിമര്‍ശിച്ചു. പോലീസ് നടപടി അത്ഭുതമാണ്. പ്രതിയെ പോലീസ് പിടികൂടിയതിന് പിന്നാലെ സംഭവം പുറത്തുകൊണ്ടുവന്ന തീയേറ്റര്‍ ഉടമയെ വനിതാ കമ്മീഷന്‍ നേരത്തെ നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. അതുപോലെ പോലീസ് നടപടി പ്രാകൃതമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പോലീസിന്റെ വിശ്വസ്യത ഇല്ലാതാക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി മൂന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും രംഗത്തെത്തി. കേരള പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്ന സംഭവമാണിതെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. പ്രമാണിമാരുടെ തെറ്റുകള്‍ മൂടിവെക്കണമെന്ന സന്ദേശമാണ് പോലീസ് നല്‍കുന്നത്. കേസ് വലിച്ചുനീട്ടിക്കൊണ്ടുപോകാനാണ് പോലീസിന്റെ ശ്രമം. ചൈല്‍ഡ് ലൈനിനാണ് സതീഷ് തെളിവ് നല്‍കിയത്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടി നിയമപരമാണ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു സൂചനയും ഇല്ല. ദൃശ്യം പുറത്തുവിട്ടതിനാണ് കേസെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ പോലീസ് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കട്ടെ. തീയേറ്റര്‍ ഉടമയെ കേസില്‍ കുടുക്കിയ പോലീസ് നടപടി തെറ്റാണെന്നും സെന്‍കുമാര്‍ പറഞ്ഞു.