ലക്ഷകണക്കിന് വ്യാജ വോട്ടര്‍മാര്‍

മധ്യപ്രദേശിലെ: വോട്ടര്‍പട്ടികയില്‍ വ്യാപകമായി കൃത്രിമം നടന്നെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പട്ടികയിലെ 60 ലക്ഷം പേരും വ്യാജന്മാരാണെന്നുള്ളതിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് ഞായറാഴ്ച കമ്മിഷനു നല്‍കിയിരുന്നു.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി.യാണ് ഇതിനുപിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു. ജൂണ്‍ 7 ന് മുന്‍പേ പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. 10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജനസംഖ്യാവര്‍ധന 24 ശതമാനമാണ്. എന്നാല്‍ വോട്ടര്‍മാരുടെ എണ്ണം 40 ശതമാനം വര്‍ധിച്ചു. ഒരു വോട്ടര്‍തന്നെ 26 പട്ടികകളിലുണ്ട്. സമാനമായ ഒട്ടേറെ സംഭവങ്ങളുണ്ട്.

കോണ്‍ഗ്രസ് ഇതേ ആരോപണമുന്നയിച്ച് ഇതിനു മുന്‍പും കമ്മിഷനെ സമീപിച്ചിരുന്നു. ആറുലക്ഷം പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഏപ്രിലില്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ അറിയിച്ചിരുന്നു. ഈ വര്‍ഷമാണു സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുക. സമാന രീതിയില്‍ ബി.ജെ.പി. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന പരിശായധനയും പ്രതിപക്ഷ പാര്‍ട്ടികള്‍ പരിശോധിക്കണമെന്ന ആഹ്വാനവുമുണ്ട്.