പത്തുവയസുകാരിയെ തിയറ്ററില്‍ പീഡിപ്പിച്ച സംഭവം ; പ്രതികാര നടപടികളുമായി കേരളാ പോലീസ് ; വിവരങ്ങള്‍ കൈമാറിയ തിയറ്റര്‍ ഉടമ അറസ്റ്റില്‍
മലപ്പുറത്ത് എടപ്പാളില്‍ സിനിമാ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വിവരം പുറത്തു കൊണ്ടുവന്നവര്‍ക്ക് എതിരെ പ്രതികാര നടപടികളുമായി കേരളാ പോലീസ്. സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് വിവരങ്ങള്‍ കൈമാറിയ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഉടമ സതീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പോലീസിന് വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നടക്കമുള്ള കേസ് ചുമത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍-18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്. സതീഷ് ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ആണ് ശ്രമിച്ചത്.
തുടര്‍ന്ന്‍ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് ചാനല്‍ പുറത്തു വിട്ടപ്പോള്‍ മാത്രമാണ് പോലീസ് മൊയ്തീന്‍ കുട്ടിക്ക് എതിരെ നടപടി എടുക്കുന്നത്. പിന്നാലെ അയാള്‍ അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പോലീസിന് ക്ഷീണം ഏര്‍പ്പെട്ടത്തിനെ തുടര്‍ന്ന്‍ ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തീയേറ്റര്‍ ഉടമയെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യ പ്രതി അറസ്റ്റിലായതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പോലീസ് തീയേറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ സതീഷിനെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.