കെവിന്‍ കൊലപാതകം ; പോലീസ് നടപടിക്ക് കാരണം ഉമ്മന്‍ചാണ്ടി എന്ന് കോടിയേരി

കെവിന്‍ വധക്കേസില്‍ പോലീസ് നടപടി വൈകാന്‍ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐക്ക് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍ പ്രവര്‍ത്തിച്ചുവെന്ന് കോടിയേരി ആരോപിക്കുന്നു.

യുഡിഎഫ് കാലത്തെ പോലീസ് അസോസിയേഷന്‍ നേതാവായിരുന്നു ഇയാള്‍ എന്നാണ് കോടിയേരിയുടെ ആരോപണം. എ.എസ്.ഐ തട്ടിപ്പു സംഘത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു. വെറുമൊരു കുടുംബ പ്രശ്നത്തെ ചിലര്‍ രാഷ്ട്രീയ പ്രശ്നമാക്കുകയാണ്. പ്രതികള്‍ക്ക് ഡി.വൈ.എഫ്.ഐ ബന്ധമുണ്ടെന്ന് മനസ്സിലായിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായെന്നത് ആരും കാണുന്നില്ല എന്നും കോടിയേരി പറഞ്ഞു.