നേതാവിനെ കണക്കിന് പരിഹസിച്ച് കെപിസിസി ജന:സെക്രെട്ടറി
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തര കലഹം നടക്കുകയാണ്. ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്ന് അണികള്‍, ആരും ഏറ്റെടുക്കുന്നില്ല എന്ന് നേതാക്കള്‍, എന്തെങ്കിലും ഗുണം അത് കൊണ്ട് കിട്ടുമെങ്കില്‍ ഞാന്‍ ഏറ്റെടുക്കാം എന്ന് താല്‍ക്കാലിക പ്രസിഡന്റ് എംഎം ഹസ്സന്‍. രാജ്യസഭാ സീറ്റ് കുര്യന് നല്‍കുന്നത് സംബന്ധിച്ചാണ് ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇതിനു പുറമെ വരുന്നത്. യുവനിരയിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എ മാറും ഇതിനോടകം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
കെപിസിസി ജന: സെക്രെട്ടറി എന്‍ സുബ്രമണ്യന്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ കെ മുരളീധരനെ കണക്കിന് വിമര്‍ശിക്കുണ്ട്. പാര്‍ട്ടിയെ പിളര്‍ത്തി ശക്തിക്ഷയിപ്പിച്ച് പിന്നെ സ്വയം സംപൂജ്യമായി അടിയറവു പറഞ്ഞു തിരികെ വന്ന നേതാവാണ് കെ മുരളീധരന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തലയിലെ സ്വന്തം ബൂത്തില്‍ സജി ചെറിയാന് മികച്ച ഭൂരിപക്ഷം ലഭിച്ചതിനെ കെ മുരളീധരന്‍ കളിയാക്കിയിരുന്നു. ഇതിനെതിരെയാണ് സുബ്രമണ്യന്‍ പ്രതികരിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രുപം ഇങ്ങനെ:
‘കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നു എന്ന മുറവിളി ചെങ്ങന്നൂര്‍ പരാജയത്തിന്റെ പിറ്റേന്ന് മുതല്‍ പാര്‍ട്ടിയുടെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. . അടിത്തറ തകര്‍ക്കാന്‍ ഓരോ ഘട്ടത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു വഹിച്ചവരും ഇപ്പോള്‍ അലമുറയിടുന്നുണ്ടെന്ന വസ്തുത കാണാതിരുന്നു കൂടാ. പാര്‍ട്ടിക്ക് ശോഷണം സംഭവിച്ചു , ജനവികാരം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നൊക്കെ വിലപിക്കുന്നവര്‍ സ്വയം വിലയിരുത്തലും സ്വയം വിമര്‍ശനവും നടത്തണം. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴേക്കും പാര്‍ട്ടിയെ കൊച്ചാക്കുകയും പൊതുജന മധ്യത്തില്‍ തരം താഴ്ത്തുകയും ചെയ്യുന്ന നടപടി ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കരുത്.
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ രണ്ടു തവണ പിളര്‍പ്പിന്റെ ദുര്യോഗം നേരിട്ട പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. 1978 ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടു സി പി എം പക്ഷത്തേക്ക് പോയി. ഇടതുപക്ഷത്തോടൊപ്പം മത്സരിക്കുകയും സര്‍ക്കാരില്‍ പങ്കാളിയാവുകയും ചെയ്തു. 1982 ല്‍ അവര്‍ കോണ്‍ഗ്രസില്‍ തിരിച്ചു വന്നപ്പോള്‍ കൂടെക്കൊണ്ടു പോയവരില്‍ ഗണ്യമായ വിഭാഗത്തെ തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ച് പാര്‍ട്ടിയുടെ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരെ. അവരെ സി പി എമ്മിനു സംഭാവന ചെയ്താണ് അവര്‍ തിരിച്ചു വന്നത്. കോണ്‍ഗ്രസിനു മേല്‍ക്കൈ ഉണ്ടായിരുന്ന നിരവധി സഹകരണ സ്ഥാപനങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സി പി എമ്മിന്റെ സ്വന്തമായി മാറിയതു അ ങ്ങനെയാണ്.
കെ കരുണാകരനും കെ മുരളീധരനും ചേര്‍ന്നു കോണ്‍ഗ്രസ് പിളര്‍ത്തി ഡി ഐ സി ഉണ്ടാക്കുകയും പിന്നീട് തിരിച്ചു വരികയും ചെയ്തിട്ട് ഏറെക്കാലം ആയിട്ടില്ല. കെ പി സി സി പ്രസിഡന്റ് പദത്തിലിരുന്നു കൊണ്ടാണ് മുരളീധരന്‍ ഡി ഐ സിക്കു വിത്തു വിതച്ചത്. കോണ്‍ഗ്രസിനും യു ഡി എഫിനും വലിയ ആഘാതമാണ് ഈ പിളര്‍പ്പ് മൂലം സംഭവിച്ചത്. അതില്‍ നിന്നു പാര്‍ട്ടിക്കു ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഏറെ സമയം വേണ്ടി വന്നു. സി പി എമ്മിലെ വിഭാഗീയത മൂലം ഇടതുപക്ഷത്തു ഇടം കിട്ടാത്തതു കൊണ്ടു മാത്രമാണ് അവര്‍ തിരിച്ചു വന്നത്. ഡി ഐ സി പിരിച്ചു വിട്ട ശേഷം പിന്നീട് എന്‍ സി പിയിലേക്ക് പോയി അതുവഴിയാണ് കോണ്‍ഗ്രസിലെത്തിയത്. ഈ യാത്രക്കിടയില്‍ പഴയ കാല കോണ്‍ഗ്രസുകാരായ കുറേപേര്‍ വഴിയില്‍ തങ്ങി . ഡി ഐ സി വിട്ടു എന്‍ സി പിയില്‍ പോകാന്‍ മടിയുള്ളവര്‍ സി പി എമ്മിലേക്ക് മാറി. എന്‍ സി പി വിട്ടു കോണ്‍ഗ്രസില്‍ വന്നപ്പോള്‍ കുറേപേര്‍ എന്‍ സി പിയില്‍ തന്നെ നിലകൊണ്ടു. കോണ്‍ഗ്രസിനു മേധാവിത്തം ഉണ്ടായിരുന്ന എത്രയോ സഹകരണ സംഘങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇതിനിടയില്‍ സി പി എമ്മിന്റെ കയ്യിലായി.
പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നു എന്നു വിലപിക്കുന്നവര്‍ ഈ രണ്ടു സംഭവങ്ങളെയും വസ്തുതാപരമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് അടങ്ങുന്ന ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്നിലായതിനെ കുറിച്ച് പരസ്യമായി വിലപിക്കുന്നവര്‍ കഴിഞ്ഞ ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതു പരിശോധിക്കണം. കെ മുരളീധരന്റ്‌റെ വീട് ഉള്‍പ്പെടുന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ ബൂത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി എം സുരേഷ്ബാബു മൂന്നാം സ്ഥാനത്തായിരുന്നു. ഈ വാര്‍ഡില്‍ നിന്നു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ബി ജെ പിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം കെ രാഘവനും ഈ ബൂത്തില്‍ പിന്നിലാണ്. ഇതിന്റെ പേരില്‍ പക്ഷേ കെ മുരളീധരനെ ആക്ഷേപിക്കാനോ കടന്നാക്രമിക്കാനോ ആരും വന്നിട്ടില്ല.
കോണ്‍ഗ്രസില്‍ നിന്നു പിളര്‍ന്നു പോയ ശേഷം പാര്‍ട്ടി നേതാക്കളെ അധിക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്തത് സാമാന്യ മര്യാദ പോലും കാണിക്കാതെയായിരുന്നു. അലൂമിനിയം പട്ടേലെന്നും ഉമ്മന്‍കോണ്‍ഗ്രസെന്നും മദാമ്മ കോണ്‍ഗ്രസെന്നുമുള്ള വിളികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറന്നിട്ടില്ല. സോണിയാ ഗാന്ധിയെ മദാമ്മ എന്നു വിളിച്ചത് അവരുടെ ഇറ്റാലിയന്‍ പൗരത്വം ഓര്‍മ്മിപ്പിക്കാനായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ ഉമ്മന്‍ കോണ്‍ഗ്രസെന്ന് വിളിച്ചതു ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്നു ആക്ഷേപിക്കാനായിരുന്നു . ഇതൊക്കെ ചെയ്തവര്‍ ഇന്നു പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ അതിനു അര്‍ഹത ഉണ്ടോ എന്നു സ്വയം പരിശോധിക്കണം. തിരിച്ചു വന്നപ്പോള്‍ രണ്ടു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സി പി എം ചെയ്യുന്നതു പോലെ ബ്രാഞ്ചില്‍ ഇരുത്തുകയല്ല ചെയ്തത്. വെറുതെ മലര്‍ന്നു കിടന്നു മേല്‌പോട്ടു തുപ്പരുത് എന്നു വിനയപുരസ്സരം ഓര്‍മ്മിപ്പിക്കുന്നു.’
https://m.facebook.com/story.php?story_fbid=2084695798415809&id=1503949783157083