മഴമിത്രത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കള്‍ ‘മഴമിത്ര’ത്തില്‍ ഒന്നിച്ചു കൂടി

dav

എടത്വാ: കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകനുമായിരുന്ന ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കള്‍ ‘മഴമിത്ര’ത്തില്‍ ഒന്നിച്ചു കൂടി.

പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തുപാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്നേഹിയായ ആന്റപ്പന്‍ അമ്പിയായം (38) 2013 ജൂണ്‍ 3ന് ആണ് അപകടത്തില്‍പ്പെട് മരണമടഞ്ഞത്.

മഴ മിത്രത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ജയന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് റാം സെ ജെ.ടി, ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, കുട്ടനാട് നേച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, കുട്ടനാട് നേച്ചര്‍ ഫോറം പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍, സി.കെ പ്രസന്നന്‍, ജോണ്‍ ബേബി, കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വര്‍ഗ്ഗീസ്, പി .വി.എന്‍ മേനോന്‍, പി.കെ ബാലകൃഷ്ണന്‍, അനില്‍ അമ്പിയായം, കുട്ടനാട് നേച്ചര്‍ ഫോറം സെക്രട്ടറി സജീവ് എന്‍.ജെ, ഗ്രീന്‍ കമ്മ്യൂണിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്‍.എസ് രജീഷ്, കെ.എസ് സുഖദേവ് എന്നിവര്‍ പ്രസംഗിച്ചു.

പിന്നീട് സുഹൃത്തുക്കള്‍ ‘മഴമിത്ര’ത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനമായ ആന്റപ്പന്‍ കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ജീവവൃക്ഷം ആണ്. ദൈവത്തിന്റെ ദാനമായ ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്നുള്ള ആഹ്വാനത്തോട് അനുസ്മരണ സമ്മേളനം സമാപിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പരിപാടികളും നടത്തുവാന്‍ തീരുമാനിച്ചു.