മാറ്റത്തിന്റെ പാതയില്‍ സൗദിഅറേബ്യ ; വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി

ലോകം മാറുന്നത് അനുസരിച്ച് സൗദിഅറേബ്യയും മാറുന്നു. ഇതിന്റെ ആദ്യ പടി എന്നോണം സൗദിയില്‍ വനിതാ ഡ്രൈംവിംഗ് ലൈസന്‍സ് തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങി. സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി ഒരു മാസത്തിന് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകളുടെ ആദ്യ ഡ്രെവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വിദേശത്തുനിന്നും നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ സൗദി ലൈസന്‍സ് നല്‍കിയത്.

കൂടാതെ വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും ഡ്രൈവിംഗില്‍ ലൈസന്‍സ് കരസ്ഥമാക്കിയ സൗദി അധ്യാപികമാരാണ് ഈ അഞ്ച് സെന്ററുകളില്‍വെച്ച് പരിശീലനം നല്‍കുന്നത്. 2017 സെപ്തംബര്‍ 27-നായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജകല്‍പനയിലുടെ സൗദിയിലെ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന പ്രഖൃാപനം നടത്തിയിരുന്നത്. ജൂണ്‍ 24 മുതലാണ് സൗദിയിലെ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നത്.