സുനില്‍ ഛേത്രിയുടെ വികാരപരമായ അപേക്ഷയും, കോഹ്ലിയുടെ മറുപടിയും
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ ആദ്യ മത്സരം ഇന്ത്യ – ചൈനീസ് തായ്പേയ് (തായ്വാന്‍) തമ്മില്‍ മുംബൈയില്‍ നടന്നു. 5-0 ത്തിന് ഇന്ത്യ വിജയിച്ചുവെങ്കിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നിരാശനാണ്. കാരണം മറ്റൊന്നുമല്ല മറ്റൊന്നുമല്ല, മത്സരം കാണാന്‍ എത്തിയത് വെറും 2300 പേര്‍ മാത്രം.
ഏറെ നിരാശനായ ഛേത്രി മത്സരം കഴിഞ്ഞു തിരികെ ഹോട്ടെലില്‍ എത്തിയ ശേഷം ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ഇട്ടു. മുംബൈയില്‍ കളി കാണാന്‍ എത്തിയ എല്ലാ കാണികള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സുനില്‍ തുടങ്ങിയത്.
‘മുംബൈയില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി, നിങ്ങളുടെ സപ്പോര്‍ട്ട് ആണ് നമ്മുടെ ഊര്‍ജ്ജവും ശക്തിയും. അവിടെ എത്താതിരുന്നവരോടും ഇങ്ങനെയൊരു കളി ശ്രദ്ധിക്കാതിരുന്നവരോടും ആണ് എന്റെ അപേക്ഷ. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫാന്‍ അല്ലാത്ത എല്ലാവരും ദയവുചെയ്ത് ഞാങ്ങ്ള്‍ടെ കളി കാണാന്‍ എത്തണം. പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ട്, ഒന്ന് ഫുട്ബാള്‍ ലോകത്തെ ഏറ്റവും പ്രിയങ്കരമായ കായികവിനോദമാണ് രണ്ടാമത്തേതും ഏറ്റവും പ്രധാനമായതും ഞങ്ങള്‍ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്. നിങ്ങള്‍ ഇവിടെ എത്തിയാല്‍ തിരിച്ചുപോകുന്നത് മറ്റൊരഭിപ്രായമായി ആയിരിക്കും എന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും.
വലിയ ആവേശത്തോടെ യുറോപ്പിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ്കളെ പിന്തുണയ്ക്കുന്ന നിങ്ങള്‍ ഞങ്ങളുടെ കളിനിലവാരം അതുമായി താരതമ്യം ചെയ്യാന്‍ ആകില്ല എന്നും കളി കാണുന്നത് സമയനഷ്ടമാണെന്നും കരുതുന്നു. ശെരിയാകാം, പക്ഷെ ഞങ്ങളുടെ ഫുട്‌ബോളിനോടുള്ള അഭിനിവേശവും ദൃഢനിശ്ചയവും കൊണ്ട് നിങ്ങളുടെ സമയം അമൂല്യമാക്കും.
ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതീക്ഷ നശിച്ച എല്ലാവരോടും നിങ്ങള്‍ സ്റ്റേഡിയത്തിലേക്ക് വന്ന് കളി കാണണം എന്ന് ഞാന്‍ കേണപേക്ഷിക്കുന്നു. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ അസഭ്യം പറയുന്നതിലും അധിക്ഷേപിക്കുന്നതിലും കാര്യമില്ല, അതൊക്കെ സ്റ്റേഡിയത്തിലേക്ക് വന്നു ഞങ്ങളുടെ മുഖത്തുനോക്കി പറയൂ, ആക്രോശിക്കൂ, കൂക്കിവിളിക്കൂ അപ്പോള്‍ ഒരുദിനം ഞങ്ങള്‍ നിങ്ങളെ തിരുത്തും, അന്ന് നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കും ആഹ്ലാദിക്കും അനുമോദിക്കും.
നിങ്ങള്‍ക്കറിയില്ല നിങ്ങളും നിങ്ങളുടെ പിന്തുണയും ഞങ്ങള്‍ക്ക് എത്ര മാത്രം വിലപ്പെട്ടതാണെന്ന്. ജൂണ്‍ 4,7 തിയ്യതികളിലും 10ന് നടക്കുന്ന ഫൈനലും മുംബൈയില്‍ ഞങ്ങള്‍ കളിക്കുന്നു. ഞാന്‍ നിങ്ങളൂടെ അപേക്ഷിക്കുകയാണ് ദയവായി നിങ്ങള്‍ അവിടെ എത്തണം ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യണം, പ്രോത്സാഹിപ്പിക്കണം. ഇന്ത്യന്‍ ഫുട്‌ബോള്‍ വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെ യാണ് പോകുന്നത്. ഈ സമയം ഇന്ത്യന്‍ ഫുട്‌ബോളിന് നിങ്ങളുടെ പിന്തുണ വളരെ വിലപ്പെട്ടതും.’
ഛേത്രിയുടെ ട്വിറ്റര്‍ പോസ്റ്റുവന്ന തൊട്ടുപുറകേ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കോഹ്ലി റീട്വീറ്റ് ചെയ്തു തന്റെ പിന്തുണ അറിയിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുംബൈയില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കളിക്കുന്നത് കാണാന്‍ എല്ലാവരും എത്തണമെന്നും, ഏതു കളിയെ സ്‌നേഹിക്കുന്നവര്‍ ആയാലും നിങ്ങള്‍ ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ സ്റ്റേഡിയത്തില്‍ തന്നെ എത്തണം. കഠിനപ്രയത്‌നം ചെയുന്ന മികച്ച കളിക്കാരുള്ള പ്രാഗല്‍ഭ്യം തെളിയിച്ച ടീം ആണ് നമ്മുടേത്. സ്റ്റേഡിയത്തില്‍ വരൂ സപ്പോര്‍ട്ട് ചെയ്യൂ.
നിലവില്‍ കളിക്കളത്തില്‍ സജീവമായുള്ള അന്താരാഷ്ട്ര കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്താണ്. റൊണാള്‍ഡോയും മെസ്സിയുമാണ് മുന്നില്‍. ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യന്‍ ഫുട്ബാള്‍ ഇപ്പോള്‍ 97 ആം സ്ഥാനത്താണ്. ചെറു രാജ്യങ്ങളുമായി ആണെങ്കിലും സുനില്‍ ഛേത്രിയുടെ നായകത്വത്തില്‍ ഇന്ത്യ കഴിഞ്ഞ രണ്ടു കൊല്ലമായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.