വനിതാ കമ്മീഷനെ ചാരി കണക്കറ്റ പരിഹാസവുമായി അഡ്വ. ജയശങ്കര്‍

എടപ്പാള്‍: തീയറ്ററില്‍ കൊച്ചുകുട്ടിയെ പീഡിപ്പിച്ച കേസില്‍ പരാതി നല്‍കി 16 ദിവസം നടപടി എടുക്കാതിരുന്ന പോലീസ് വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയെന്ന കാരണം പറഞ്ഞാണ് തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപകമായ പ്രധിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കേസുകളില്‍ പരാതിനല്‍കാനോ സാക്ഷി പറയാനോ ജനം മുന്നോട്ട് വരുന്നതില്ലാതാക്കുന്ന സാഹചര്യം ബോധപൂര്‍വ്വം സൃഷ്ട്ടിക്കപ്പെടുമെന്നും വിലയിരുത്തുന്ന സാഹചര്യത്തിലാണ് അഡ്വ. ജയശങ്കറിന്റെ പരിഹാസം

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വനിതാ കമ്മീഷന്‍ അതിരു കടക്കരുത്.

സഖാവ് എംസി ജോസഫൈന്‍ വളരെ ഇരുത്തം വന്ന നേതാവാണ്. പക്ഷേ, സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണായ ശേഷം ആ സഖാവിന്റെ പല പ്രവൃത്തികളും അപക്വവും അനുചിതവുമാണ്. സ്ഥാനത്തിനും പദവിയ്ക്കും പാര്‍ട്ടി താല്പര്യത്തിനും നിരക്കാത്ത പല പ്രസ്താവനകളും അവര്‍ നടത്തുന്നുണ്ട്.

എടപ്പാള്‍ സിനിമാ തീയേറ്റര്‍ സംഭവത്തില്‍ സ.ജോസഫൈന്‍ സ്വീകരിച്ച നിലപാടു തന്നെ ദൃഷ്ടാന്തം. സ്ഥലത്തെ പൊതുകാര്യ പ്രസക്തനും മനുഷ്യാവകാശ പ്രവര്‍ത്തകനും സര്‍വോപരി ഇടതുപക്ഷ സഹയാത്രികനുമായ മൊയ്തീന്‍കുട്ടിയെ കളളക്കേസില്‍ കുടുക്കാനുള്ള കുത്സിത ശ്രമമാണ് ചില ബൂര്‍ഷ്വാ ചേനലുകാരും യുഡിഎഫ്, ബിജെപി ബന്ധമുളള ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയത്. വനിതാ കമ്മീഷന്‍ അനാവശ്യമായി അക്കാര്യത്തില്‍ ഇടപെട്ടു, അനുചിതമായ പ്രസ്താവന നടത്തി, സഖാവ് മൊയ്തീന്‍കുട്ടി അറസ്റ്റും ജയില്‍വാസവും അനുഭവിക്കാന്‍ ഇടയാക്കി.

അതിനുശേഷം സഖാവ് ജോസഫൈനും സംഘവും എടപ്പാള്‍ സന്ദര്‍ശിച്ചു, കോണ്‍ഗ്രസ്, സംഘപരിവാര്‍ ബന്ധമുള്ള തിയേറ്റര്‍ ഉടമയെ അഭിനന്ദിച്ചു. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ല.

അതൊക്കെ പോകട്ടെ എന്നുവെക്കാം. പത്രത്തില്‍ പേരും പടവും അച്ചടിച്ചു വരാന്‍ വേണ്ടി ചെയ്തതെന്നു കരുതി സമാധാനിക്കാം. പക്ഷേ ഇപ്പോള്‍ ചെയ്തത് അക്ഷന്തവ്യമായ അപരാധമാണ്.

എടപ്പാള്‍ തീയേറ്ററുടമ സതീശനെ പോക്‌സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെ സഖാവ് ജോസഫൈന്‍ വിമര്‍ശിച്ചു, പ്രതികാര നടപടിയെന്നു കുറ്റപ്പെടുത്തി. അത് സ്വതവേ സര്‍ക്കാരിന്റെ പതനം ആഗ്രഹിക്കുന്ന ചേനലുകാരും കോട്ടിട്ട ജഡ്ജിമാരും ആഘോഷിച്ചു. തിയേറ്റര്‍ ഉടമയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാന്‍ ജനകീയ പോലീസ് നിര്‍ബന്ധിതമായി. മാത്രമല്ല ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും മാതൃഭൂമി ചേനല്‍ ലേഖകരെയും പ്രതിയാക്കി ജയിലിലടയ്ക്കാനുളള അവസരം നഷ്ടപ്പെട്ടു.

വിപ്ലവ പാര്‍ട്ടിയുടെയും ജനകീയ സര്‍ക്കാരിന്റെയും താല്പര്യങ്ങള്‍ക്കൊപ്പം നിന്നുവേണം വനിതാ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. സഖാവിനെ ചെയര്‍പേഴ്സണാക്കിയത് ചേനലുകാരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമല്ല.അതു മറക്കരുത്.

 

https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1533671670095887/?type=3&theater