എവിടെ തുടങ്ങണമെന്ന് പി.സി. പറയും (വിഡിയോ)

ഇന്ന് ലോക പരിസ്ഥിതി ദിനം. ലോക പരിസ്ഥിതി ദിനമായ ജൂണ് 5 ന് മരം നട്ടും, വെള്ളം നനച്ചും സെല്‍ഫിയെടുത്ത് നേതാക്കള്‍ സമൂഹത്തിന് സന്ദേശം നല്‍കുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തനാവുകയാണ് കേരള ജനപക്ഷത്തിന്റെ നേതാവ് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ജയേഷ് മോഹനെന്ന ചെറുപ്പക്കാരന്‍ സംവിധാനം ചെയ്ത പരിസ്ഥിതിയെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത വിവരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ പി.സി. പി.സിയായി തന്നെ അഭിനയിച്ചാണ് പരിസ്ഥിതി ദിന സന്ദേശം പങ്കുവെക്കുന്നത്.

വീടുകളിലെ വേസ്റ്റ് വലിച്ചെറിയുന്നതിനെയും, പ്ലാസ്റ്റിക്ക് ദുരുപയോഗത്തെയും വിവരിക്കുന്ന ഹൃസ്വചിത്രത്തില്‍ അതിന്റെ ദൂഷ്യഫലമെന്തെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് അടിവരയിടുകയാണ് പി.സി.ജോര്‍ജ്ജ്. ഇതിനു മുന്‍പും പി.സി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഹൃസ്വചിത്രത്തില്‍ വേഷമിടുന്നത്.

ജയേഷ് മോഹന്‍ സംവീധാനം ചെയ്ത് നജുമുദീന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസാണ്. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ബിബിന്‍ പോള്‍ സാമുവേലും, സംഗീതം ഇളവിന് ജെയിംസുമാണ്. സമൂഹത്തിന് സന്ദേശം പകരുന്ന ‘എവിടെ തുടങ്ങും ‘ എന്ന ഈ ഹൃസ്വചിത്രം കേരള ശുചിത്വ മിഷന്‍ ഏറ്റെടുത്തെന്നും, ശുചിത്വ മിഷന്‍ അവരുടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധവത്കരണ പരിപാടികളിലും ഇത് പ്രദര്‍ശിപ്പിക്കും എന്ന് അറിയിച്ചതായി സംവീധായകന്‍ ജയേഷ് മോഹന്‍ അറിയിച്ചു.

ഹൃസ്വ ചിത്രം പി.സി. ജോര്‍ജ്ജ് അദ്ദേഹത്തിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്

https://www.facebook.com/pcgeorgeofficialpage/posts/1705301169548060