‘ഇങ്ങനെയൊന്നും നടന്നാല്‍ നിങ്ങള്‍ വിജയിക്കില്ല’
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 21,000 ത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുകയും തുടര്‍ന്ന് പാര്‍ട്ടി സംവിധാനത്തെ തന്നെ വിമര്‍ശിക്കുകയും ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിനോടാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ ഇത് പറഞ്ഞത്. മതേതര കേരളത്തില്‍ ജയിക്കാന്‍ ഒരു കോണ്‍ഗ്രസ് കാരന് ഈ വേഷം ചേരില്ല, ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെയാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത് എന്നാണ് സുരേന്ദ്രന്‍ വിമര്‍ശിക്കുന്നത്.
‘ഇത് ബിജെപിയിലേക്കുള്ള ക്ഷണമോ?’ എന്നാണ് ചില ഇടതുപക്ഷക്കാര്‍ ചോദിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘ഇങ്ങനെ വിലപിക്കുന്നതില്‍ ഒരു കാര്യവുമില്ല. നെറ്റിയില്‍ ഗണപതിഹോമം കഴിച്ച കറുത്ത കുറിയും അയ്യപ്പസേവാസംഘത്തിന്റെ ഭാരവാഹിത്വവുമൊക്കെ ഒരു കോണ്‍ഗ്രസ്സുകാരന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് താങ്കള്‍ക്കു ബോധ്യമായില്ലേ? പരാജയത്തിന്റെ പ്രധാന കാരണം പുറത്തുപറയാന്‍ പറ്റില്ലെന്ന് അങ്ങുപറഞ്ഞെങ്കിലും നാട്ടുകാര്‍ക്ക് അതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട്. കേരളം ഒരു മതേതര സംസ്ഥാനമാണെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ.
യു. ഡി. എഫ് അനുകൂല ബൂത്തുകളിലെ വോട്ടൊക്കെ കൃത്യമായി പരിശോധിച്ചില്ലേ. ആരൊക്കെയാണ് കൂടുവിട്ടു കൂടുമാറിയതെന്നും മനസ്സിലായല്ലോ. ഇനിയെങ്കിലും ഈ കുറിയൊക്കെ മായ്ച് അയ്യപ്പനെയൊക്കെ വിട്ട് ഒരു മതേതരനാവാന്‍ നോക്ക്. കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവിലായതുകൊണ്ട് രക്ഷപ്പെട്ടു. മലബാറിലോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഗതി കണ്ടില്ലേ. പാല വീണ ചെകുത്താനെപ്പോലെ തെക്കുവടക്ക് നടക്കുന്നത്. രമേശന്‍ നായര്‍ക്കും വരാന്‍ പോകുന്ന ഗതി ഇതു തന്നെ. മതേതര കേരളം സുന്ദര കേരളം.’