ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി തിരിച്ചു നല്‍കിയാല്‍ അഞ്ചുരൂപ ലഭിക്കും ; പരിസ്ഥിതി സൗഹൃദ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ
ലോകത്തിനു തന്നെ ഭീഷണിയാകുന്ന രീതിയിലാണ് പ്ലാസ്റ്റിക് ഉപയോഗം ഇപ്പോള്‍ കൂടി വരുന്നത്. ഇത് തടയാന്‍ സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട് എങ്കിലും ഒന്നും ലക്ഷ്യത്തില്‍ എത്തുന്നില്ല എന്ന് നമ്മുടെ നഗരങ്ങളില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാണുമ്പോള്‍ മനസിലാകും. നമ്മള്‍ തന്നെ വലിച്ചെറിയുന്നതാണ് ഈ മാലിന്യങ്ങള്‍ നാം ഒരിക്കലും ഓര്‍ക്കുന്നില്ല. വീട് വൃത്തിയായി സൂക്ഷിക്കാന്‍ നാം നാട് വൃത്തികേടാക്കുകയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ പുതിയ മാര്‍ഗവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. നാം വെള്ളം വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പി തിരികെ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്‍കുന്ന യന്ത്രമാണ് ഇതിനു മുന്നോടിയായി ഇന്ത്യന്‍ റെയില്‍വേ സ്ഥാപിച്ചിരിക്കുന്നത്.
പരിസ്ഥിതി ദിനത്തില്‍ വഡോദര റെയില്‍വേ സ്‌റ്റേഷനിലാണ് ഈ യന്ത്രം സ്ഥാപിച്ചത്. കുപ്പി നിക്ഷേപിക്കുന്നതിനൊപ്പം യന്ത്രത്തില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ അഞ്ച് രൂപ പേടിഎം വാലറ്റില്‍ എത്തുന്ന സംവിധാനമാണ് യന്ത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ യാത്രക്കാര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പി സംസ്‌കരിച്ച് ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യാനുള്ള പാത്രമാക്കി മാറ്റാനാണ് റെയില്‍വേയുടെ പദ്ധതി. ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ഐആര്‍സിടിസി എട്ട് രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ ഇത്തരത്തില്‍ നിര്‍മിച്ച പാത്രത്തിലാണ് ഭക്ഷണം വിതരണം ചെയ്തത്.