യുവാവിനെ മര്‍ദിച്ച സംഭവം; പോലീസിനെതിരെ പ്രതിഷേധവുമായി എത്തിയത് തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകര്‍ എന്ന് മുഖ്യമന്ത്രി
എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് പോലീസിനെതിരെ പ്രതിഷേധവുമായെത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണ്. പോലീസ് ഡ്രൈവറെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ഉസ്മാന്‍ ശ്രമിച്ചു. കുറ്റക്കാര്‍ക്കുനേരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവര്‍. ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ല. തീവ്രവാദികളെ ആ നിലക്കുതന്നെ കാണണം. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയും സ്പീക്കറുടെ ഡയസിനു സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു. മുഖ്യമന്ത്രി ആലുവക്കാരെ മുഴുവന്‍ തീവ്രവാദികളെന്നു വിളിച്ച് അപമാനിച്ചതായി പ്രതിപക്ഷം ആരോപിച്ചു. കളമശ്ശേരി കേസിലെ പ്രതി പോലീസിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ പ്രതിപക്ഷം ഉത്തരവാദിയല്ലെന്നും അവര്‍ സഭയില്‍ പറഞ്ഞു. മഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.