കേരളത്തിലെ നിപ്പ വൈറസ് ഗുണം ചെയ്തത് പാക്കിസ്ഥാന് ; സഹായിച്ചത് സോഷ്യല്‍ മീഡിയ മലയാളികള്‍
കോഴിക്കോട് 14 പേരുടെ മരണത്തിനു ഇടയാക്കിയ നിപ്പാ വൈറസ് ബാധ കുറഞ്ഞു എങ്കിലും ഭീതി വിട്ടു മാറിയിട്ടില്ല. ആദ്യം വൈറസ് ബാധ ഏറ്റവരില്‍ പലരും മരണത്തിനെ പുല്‍കിയത് നിസഹായരായി നോക്കി നില്‍ക്കുവാനെ കഴിഞ്ഞിരുന്നുള്ളൂ. സംസ്ഥാനത്തിനെ മാത്രമല്ല രാജ്യത്തിനു തന്നെ ഭീഷണി ആയി മാറുമായിരുന്ന വൈറസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് ഒരു വന്‍ ദുരന്തം ഒഴിഞ്ഞു പോകാന്‍ കാരണമായി. എന്നാല്‍ കേരളത്തിലെ ഈ വൈറസ് ബാധ ഗുണം ചെയ്തിരിക്കുന്ന ഒരു രാജ്യം കൂടിയുണ്ട്. ഉര്‍വ്വശി ശാപം ഉപകാരം എന്ന നിലയിലാണ് അവരുടെ കാര്യങ്ങള്‍. പാക്കിസ്ഥാന് ആണ് നിപ്പ നല്ലകാലം കൊണ്ടുവന്നത്. കേരളത്തിലാണ് പ്രധാനമായും പ്രതിസന്ധിയുണ്ടായതെങ്കിലും രാജ്യത്തെ വിപണികളെ കാര്യമായി ബാധിച്ചുവെന്നതാണ് സത്യം, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ വിപണിയെ. കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ ഇറക്കേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചു.
ഇതോടെ ഗുണം ചെയ്തത് പാക്കിസ്ഥാനും. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കയറ്റി അയച്ചിരുന്ന പഴങ്ങളും പച്ചക്കറികളും കേരളത്തിന്റേത് മാത്രമായിരുന്നില്ല. കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടേത് കൂടിയായിരുന്നു. കേരളത്തില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്താനില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ ആവശ്യക്കാര്‍ ഏറി. അതോടെ പാകിസ്താന്‍ ഗള്‍ഫിലേക്ക് കൂടുതലായി കയറ്റി അയക്കുന്നു. നേരത്തെ കയറ്റി അയച്ചിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ കറാച്ചിയില്‍ നിന്ന് ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നത്. കുവൈത്തിലേക്കുള്ള കയറ്റുമതി ഇരട്ടിയായെന്ന് പാകിസ്താന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വഹീദ് അഹ്മദ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ചരക്കുകള്‍ക്കുള്ള നിരോധനം വേഗത്തില്‍ നീക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദി, യുഎഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.
നിരോധനം നീക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുണ്ടാകണം. നിപ്പാ വൈറസ് നിയന്ത്രണവിധേയമായെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗോള ഏജന്‍സികളെ അറിയിക്കുകയും ഇവരുടെ അറിയിപ്പ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ലഭിക്കുകയും ചെയ്താല്‍മാത്രമേ നിരോധനം നീക്കൂ. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം കണക്കിലെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ചരക്കുകള്‍ക്ക് നിരോധനം ഏപ്പെടുത്തിയത്. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിയും ഗള്‍ഫില്‍ കൂടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങല്‍ നിന്നുള്ള പഴങ്ങളും ഇറക്കുന്നുണ്ട്. എങ്കിലും കാര്യമായി നേട്ടമുണ്ടാക്കുന്നത് പാകിസ്ഥാനാണ്.
അതേസമയം വിഷയം ഇത്രമാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ ഭയം ഉളവാക്കുവാന്‍ കാരണം സോഷ്യല്‍ മീഡിയയില്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന നമ്മള്‍ മലയാളികള്‍ തന്നെയാണ് എന്നുള്ളതാണ് സത്യം. വൈറസ് ബാധ പുറത്തു വന്ന ഉടന്‍ നൂറുകണക്കിന് വ്യാജ സന്ദേശങ്ങള്‍ ആണ് ഇതിന്റെ പേരില്‍ പ്രചരിച്ചത്. കേരളം മുഴുവന്‍ നിപ്പ വ്യാപിച്ചു എന്നും പഴങ്ങളിലും പച്ചകറികളിലും ഇതിന്റെ വൈറസ് കണ്ടെത്തി എന്നും. പന്നി, കോഴി പ്രാവ് എന്നിവയില്‍ നിന്നും നൂറുകണക്കിന്പേര്‍ക്ക് അസുഖം പകര്‍ന്നു എന്നും സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതൊക്കെ ദേശിയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മറ്റു രാജ്യക്കാരും വിശ്വസിക്കുകയായിരുന്നു.