സമയദോഷം ; പോലീസ് വാഹനത്തിന് ക്ഷേത്രത്തില്‍ പ്രത്യേക വാഹനപൂജ ; സംഭവം കോഴിക്കോട്
കേരളാ പോലീസിന്‍റെ സമയം ഇപ്പോള്‍ വളരെയധികം മോശമാണ് . ദിനംപ്രതി പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ധാരാളം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ശിക്ഷാ നടപടികള്‍ നേരിടുന്ന പോലീസുകാരുടെ എണ്ണത്തിലും ഇപ്പോള്‍ വന്‍ വര്‍ധനയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ദോഷങ്ങള്‍ ഒന്നും തങ്ങള്‍ക്ക് വരാതിരിക്കാന്‍ വേണ്ടിയാകാം പുതുതായി ലഭിച്ച വാഹനത്തിന് കോഴിക്കോട് സിറ്റി പോലീസ് വാഹന പൂജ നടത്തിയത്. കോഴിക്കോട് നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ എത്തിച്ചാണ് വാഹനപൂജ നടത്തിയത്. ഔദ്യോഗിക വേഷത്തിലാണ് പോലീസുകാര്‍ വാഹന പൂജക്കായി ക്ഷേത്രത്തിലെത്തിയത് എന്ന് ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും. കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിനാണ് ഔദ്യോഗിക ആവശ്യത്തിനായി അഞ്ച് പുതിയ എസി വാഹനങ്ങള്‍ അനുവദിച്ചത്. ഇതില്‍ ഒന്നാണ് കോഴിക്കോട് നഗരത്തിലെ ക്ഷേത്രത്തില്‍ എത്തി പൂജിച്ചത്.
പോലീസ് ചട്ടപ്രകാരം ഔദ്യോഗിക യൂണിഫോമില്‍ മതാചാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല എന്നിരിക്കെയാണ് ഒരു വിഭാഗം പോലീസുകാര്‍ യൂണിഫോമില്‍ ക്ഷേത്രത്തിലെത്തി വാഹനപൂജ നടത്തിയത്. പോലീസുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ തന്നെയാണ് വാഹന പൂജയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെ വാഹന പൂജ നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നേരത്തെ തൃശ്ശൂര്‍ സിറ്റി പോലീസിന് അനുവദിച്ച വാഹനവും ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചത് വിവാദമായിരുന്നു. സാധാരണയായി പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സമയം വിശ്വാസികള്‍ പള്ളികളിലും ക്ഷേത്രങ്ങളിലും പോയി പൂജകള്‍ നടത്തിയ ശേഷമേ വാഹനം റോഡില്‍ ഇറക്കാറുള്ളു. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന സമയം ഇത്തരത്തിലുള്ള നടപടികള്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒന്നാണ്.