രാജ്യസഭാ സീറ്റില്‍ കുരുങ്ങി കോണ്ഗ്രസ് ; പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂക്ഷം

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതൃത്വത്തിനു എതിരെ ശക്തമായ പ്രതിഷേധവുമായി യുവ എം.എല്‍.എമാര്‍ രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. യുവ എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നല്‍ക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി തെരുവിലിറങ്ങി. അതിനിടെ ആറ് യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

അതേസമയം ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയാണെന്ന് പിജെ കുര്യന്‍ ആരോപിച്ചു. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണില്‍ നിന്ന് ചോര കണ്ടാല്‍ മതിയെന്നാണ് ചിലര്‍ക്ക്. കെ.എം മാണിക്ക് ലോട്ടറി അടിച്ചിരിക്കുകയാണ് എന്നും പിജെ കുര്യന്‍ ആരോപിച്ചു. നേരത്തെ പി.ജെ കുര്യനെ വീണ്ടും രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവ എം.എല്‍.എ മാര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതൊരു പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറയുന്നത്.

മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും വീണ്ടും ഒഴിവുവരുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിട്ടുനല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് തീരുമാനമെന്നാണ് സൂചന. എന്നാല്‍ പല മുതിര്‍ന്ന നേതാക്കളും തീരുമാനത്തില്‍ അസംതൃപ്തരാണെന്നാണ് വിവരം.