രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവെച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോട് കേരളത്തിലെ സാധാരണ കോണ്ഗ്രസുകാര്‍ ചോദിക്കുന്ന പത്തു ചോദ്യങ്ങള്‍

അഡ്വ : ടി ജി സുനില്‍

എല്ലാം നശിപ്പിച്ച ധൂര്‍ത്ത പുത്രനു വേണ്ടി മുഴുത്ത കാളയെ അറുത്തു ആഘോഷിച്ച ഒരു പിതാവിന്റെ കഥയുണ്ട് ബൈബിളില്‍, പിതാവിനു വേണ്ടി കഷ്ടപ്പെട്ട നീതിമാനായ മകനു വേണ്ടി ഒരാഘോഷവും നടത്താത്ത പിതാവ്. ഇന്ന് UDF രാഷ്ട്രീയത്തില്‍ നിന്ന് എല്ലാ അധികാര സ്ഥാനങ്ങളും വാങ്ങി UDF മുന്നണിയെ തന്നെ തകര്‍ത്ത് LDF ല്‍ നുഴഞ്ഞു കയറാന്‍ അച്ചാരം വാങ്ങിയ മാണി അവിടെ പരിഗണന ലഭിക്കില്ല എന്ന് ഉറപ്പായപ്പോള്‍ UDF ല്‍ വലിഞ്ഞ് കയറി വന്നു മുസ്ലിം ലീഗിന്റെ പിന്തുണയോട് കൂടി അര്‍ഹതയില്ലാത്ത രാജ്യസഭാ സ്ഥാനം കരസ്ഥമാക്കി. UDF ന്റെ നില നില്പിനു വേണ്ടി നഷ്ടങ്ങളെല്ലാം കോണ്‍ഗ്രസ്സ് സഹിക്കുകയും നേട്ടങ്ങര്‍ എല്ലാം ഘടകകക്ഷികള്‍ തട്ടി പറിക്കുകയും ചെയ്യുന്ന കോണ്‍സ്സിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എന്താണ് നേട്ടം എന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ തയ്യാറാവണം.

കേരളത്തില്‍ UDF പ്രതി പക്ഷത്തിരിക്കുമ്പോള്‍ LDF ന്റേയും കേന്ദ്രത്തിലെ NDA യുടേയും ജന വിരുദ്ധ നയങ്ങള്‍ക്കെതിരേ കേരളത്തിന്റെ തെരുവുകളില്‍ പോലീസിന്റേയും രാഷ്ട്രീയ എതിരാളികളുടേയും അതിക്രമങ്ങളില്‍ രക്തം ചൊരിഞ്ഞതും എല്ലുകള്‍ നുറുങ്ങി ജീവന്‍ നഷ്ടപ്പെട്ടതും ഞങ്ങള്‍ KSU, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ നമ്മുടെ രക്തസാക്ഷികളോട് പറയണം നിങ്ങള്‍ വിഡ്ഢികളാണ്.കാരണം നേതാക്കന്‍മാര്‍ മാത്രം ഉള്ള ഘടകകക്ഷികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മന്ത്രിയും MP യും MLA യും ആയേനെ. ഇവിടെ നിന്ന് ഹൈക്കമാന്‍ഡില്‍ ചര്‍ച്ചയ്ക്ക് പോയ നേതാക്കന്‍മാര്‍ ഒന്നോര്‍ക്കണമായിരുന്നു. .

നഷ്ടം കോണ്‍ഗ്രസിനു മാത്രം. ജനാധിപത്യ മനസുകള്‍ക്കു മാത്രം. കോണ്‍ഗ്രസില്‍ അധികാരത്തിലേക്ക് അവഗണിക്കപ്പെടുന്ന യുവജനങ്ങളേയും ദളിതരേയും ഉയര്‍ത്തി കൊണ്ടുവരണമെന്നുള്ള ആവശ്യം സംഘടനയെ ശക്തിപ്പെടുത്താനും ഫാസിസ്റ്റുകള്‍ക്ക് എതിരേ ശക്തമായ പ്രതിരോധം ആകുന്നതിനും വേണ്ടിയായിരുന്നു. ഇന്ന് കോണ്‍ഗ്രസിന് നഷ്ടപ്പെട്ട രാജ്യസഭാ സീറ്റ് കയ്യാളിയിരുന്നത് P. J.കുര്യനു പകരം ഒരു ദലിതനെ തിരഞ്ഞെടുത്തി രുന്നെങ്കില്‍ രാജ്യം നേരിടുന്ന RSS വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി പകര്‍ന്നേനെ. കോണ്‍ഗ്രസ് എന്നത് ഇന്ത്യയുടെ ആശയും ആവേശവുമാണ് പാലാ മുതല്‍ കോട്ടയം വരെ വളരുകയും പിളരുകയും ചെയ്യുന്ന മാണിക്കുഞ്ഞിന് അടിയറ വയ്ക്കാനുള്ളതല്ല…


രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവെച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വോട്ട് ബാങ്ക് രാഷ്ട്രീയ കച്ചവടത്തെ കുറിച്ച് വാചാലരാകുമ്പോള്‍ കേരളത്തിലെ സാധാരണ കോണ്‍സുകാരുടെ 10 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുക…

1. അവസരവാദിയായ മാണിയുടെ വാക്കു വിശ്വസിക്കുന്നതിന് നിങ്ങള്‍ സ്വീകരിച്ച മാനദണ്ഡം എന്ത്? രാജ്യസഭാ സീറ്റ് നാളെ എന്‍.ഡി.എ മന്ത്രി പദവി ക്കുള്ള യോഗ്യതയല്ലെന്ന് നിങ്ങള്‍ എങ്ങിനെ ഉറപ്പു വരുത്തി ?
2. കേരളത്തില്‍ ആദ്യമായി ലോക്‌സഭയിലേക്ക് NDA ക്ക് അക്കൗണ്ട് തുറന്ന് കുഞ്ഞു മാണി മൂന്നാം സ്ഥാനത്ത് എത്തിയ 2004 ലെ സാഹചര്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസിന് എന്ത് ശക്തിയാണ് നിങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയത് ?
3. DCC സെക്രട്ടറിയായിരുന്ന മാണി കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തു കേരള കോണ്‍ഗ്രസില്‍ കുടിയേറിയ ചരിത്രം മറക്കരുത് ? നേതാക്കന്‍മാരെ ചതിച്ചും വഞ്ചിച്ചും കേരള കോണ്‍സിനെ കുടുംബ സ്വത്താക്കിയ മാണി ഒറ്റുകാരനല്ലെന്ന് പറയുന്നതിന് നിങ്ങള്‍ കണ്ടെത്തിയ കാരണം വ്യക്തമാക്കുക ?
4. വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന അവസരവാദ പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം ഭാവിയില്‍ ബി.ജെ.പിക്ക് ഗുണകരമാവില്ലെന്ന് ഉറപ്പ് നല്‍കാനാവുമോ ?
5. ചെങ്ങനൂരില്‍ മാണിയുടെ വകയായി കിട്ടിയെന്നു പറയുന്ന 10 000 വോട്ട് എവിടെ പോയി ?( കുഞ്ഞു മാണിയുടെ അവകാശവാദം)
6. പാലാ മുന്‍സിപ്പാലിറ്റി മുതല്‍ കോട്ടയം ലേക് സഭാ മണ്ഡലം വരെ മാണിക്ക് അടിയറവച്ച് SFI യുടെയും CPM ന്റെയും ഇടിയും ചവിട്ടും കൊണ്ട് സകല പീഡനങ്ങളുമനുഭവിച്ച കോട്ടയം ജില്ലയിലെ KSU, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഭാവി കരിച്ചു കളഞ്ഞു കൊണ്ടിരിക്കുന്നതു മാണി കുടുംബത്തിനു വേണ്ടിയല്ലേ ?
7. കേ .കോ. തനിച്ചു മല്‍സരിച്ചാല്‍ കെട്ടിവച്ച പണം തിരികെ കിട്ടുന്ന പഞ്ചായത്ത് , നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങളുടെ പേരുകള്‍ വ്യക്തമാക്കുക?(ചെങ്ങന്നൂരില്‍ മൂന്നാം സ്ഥാനത്തു പോയ തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തിന്റെ പേരു് പറയേണ്ടതില്ല)
8. സ്വന്തം മണ്ഡലത്തിലെ ദുരഭിമാന കൊലയുടെ ഇരയായ കെവിന്‍ ജോസഫിന്റെ വീട് സന്ദര്‍ശിക്കുന്നതിനോ, സഹായം നല്‍കുന്നതിനോ കുഞ്ഞ് – വലിയ മാണികളും പാര്‍ട്ടിയും തയ്യാറാവാത്തത് സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഫ്യുഡല്‍ മാടമ്പിത്തമല്ലേ ?
9. കാലങ്ങളായി കോണ്‍ഗ്രസിനെ വിശ്വസിക്കുന്ന ഭൂരിപക്ഷം ക്രൈസ്തവരെയും അപമാനിച്ചു കൊണ്ട് കേരളത്തിലെ ക്രൈസ്തവരുടെ മൊത്തക്കച്ചവടക്കാരനായി അഭിനയിക്കുന്ന മാണിയെ വിലപേശലിനു നിയോഗിക്കുന്നത് മതേതര കോണ്‍ഗ്രസിനു യോജിക്കുന്നതാണോ?
10. LDF ല്‍ എങ്ങിനെയെങ്കിലും ചേക്കേറി മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ച്, മുഖ്യനാവാന്‍ താന്‍ യോഗ്യനാണെന്ന് ഒളിഞ്ഞും തെളിഞ്ഞും വിലപേശുകയും അവസാന ബജറ്റും വിറ്റു കോഴ വാങ്ങി സ്വന്തം കീശ വീര്‍പ്പിച്ചും ജനങ്ങളുടെ മുന്‍പില്‍ കോണ്‍ഗ്രസിനെ ഒറ്റുകൊടുത്തവനെ തോളിലേറ്റിയാല്‍ 2021 ലെ ജനവിധി എങ്ങിനെയാവും? 2021 ല്‍ ഭുരിപക്ഷം ലഭിച്ചാലല്ലേ അന്നു രണ്ട് സീറ്റ് രാജ്യസഭയിലേക്ക് ലഭിക്കൂ ? 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കില്ലെന്ന് എന്താണുറപ്പ്?