ആലുവ പോലീസ് മര്‍ദനം ; മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് കോണ്ഗ്രസ് എ നേതാവ് എന്ന് ആരോപണം
ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ചത് പ്രദേശവാസിയായ കോണ്ഗ്രസ് എ നേതാവ് എന്ന് ആരോപണം. സ്ഥലത്ത് നിലനില്‍ക്കുന്ന കോണ്ഗ്രസ് ഗ്രൂപ്പ് പോരിന്‍റെ ഫലമായാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ തീവ്രവാദ സംഘടനകളില്‍ പെട്ടവര്‍ പങ്കെടുത്തു എന്ന് വ്യാജ വിവരം ഈ നേതാവ് പോലീസിന് നല്‍കിയത് എന്ന് നാട്ടുകാര്‍ പറയുന്നു. ആലുവ ഇടത്തല എന്ന പ്രദേശത്തെ എല്ലാ പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ എസ് ഡി പി ഐ, കോണ്ഗ്രസ്, സിപിഐ എന്നിങ്ങനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തിരുന്നു. കോണ്ഗ്രസ് ഐ യ്ക്ക് എതിരെയും അന്‍വര്‍ സാദത്ത് എം എല്‍ എക്ക് എതിരെയും വിരോധമുള്ള എ ഗ്രൂപ്പ് ഈ സംഭവങ്ങള്‍ മുഴുവന്‍ വളച്ചോടിക്കുകയായിരുന്നു.
കോണ്ഗ്രസ് എ ഗ്രൂപ്പില്‍ പെട്ട എം എ എം മുനീര്‍ എന്നയളാണ് പോലീസിന് രഹസ്യവിവരം നല്‍കിയത് എന്ന് പറയപ്പെടുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയ മുനീര്‍ കാലാവധി കഴിഞ്ഞ സമയം സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അന്ന് മുതല്‍ ഗ്രൂപ്പ് തലത്തില്‍ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിവ് നിലനില്‍ക്കുന്ന സ്ഥലമാണ് ഇതെന്നും പറയപ്പെടുന്നു. ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച റാലിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ കൊടിയും കൊണ്ട് കയറുകയായിരുന്നു. ഇതാണ് ചിലര്‍ ചേര്‍ന്ന് വര്‍ഗീയവല്‍ക്കരിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു ചില സിപിഎം നേതാക്കളും രാഷ്ട്രീയപരമായി സഹായം നല്‍കി എന്നും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് ഇവരാണ് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് പോലീസിനെതിരെ പ്രതിഷേധവുമായെത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവര്‍. ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ല. തീവ്രവാദികളെ ആ നിലക്കുതന്നെ കാണണം. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്നുമാണ് അദ്ദേഹം നിയമസഭയില്‍ ചോദിച്ചത്.