കെ. എം. മാണി യു.ഡി.എഫില്‍

തിരുനവന്തപുരം: തങ്ങള്‍ യു.ഡി.എഫില്‍ തിരിച്ചെത്തി എന്ന് കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം.മാണി. പി.ജെ.ജോസഫും, ജോസ് കെ മാണിയും, പങ്കെടുത്ത പത്രസമ്മേളനത്തിലാണ് കെ.എം മാണി ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേന്ദ്രത്തിലും, കേരളത്തിലും വിശാല മതേതര മുന്നണി എന്നതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ച് വരവെന്നും അദ്ദേഹം പറഞ്ഞു. അടിക്കടി വിലകൂടുന്നു പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെക്കുറിച്ചും കെ.എം. മാണി ആശങ്ക അറിയിച്ചു. ക്രൂഡോയില്‍ വില നിയന്ത്രിക്കുന്നതിന് സംസ്ഥാന ഗവര്‍മെന്റ് നികുതിവരുമാനം വേണ്ടന്ന് വെക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ കുര്യനുള്‍പ്പടെയുള്ള നേതാക്കളുടെ എതിര്‍ സ്വരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അതിന് താന്‍ മറുപടി പറയുന്നില്ലെന്ന് കെ.എം. മാണി പ്രതികരിച്ചു.

കാര്‍ഷിക മേഖലയുടെ തകര്‍ച്ചചയും ഹൈറേഞ്ചുമേഖലയിലെ കര്‍ഷകര്‍ക്കും, റബ്ബര്‍കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പലതീരുമാനങ്ങളും കൈകൊള്ളുന്നതിനുള്ള നിവേദനവും രാഹുല്‍ ഗാന്ധിക്ക് കൈമാറിയതായി ജോസ് കെ മാണി അറിയിച്ചു. തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരത്തിലിപ്പോള്‍ ഇല്ലാല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കേരളത്തിലോ, കേന്ദ്രത്തിലോ അധികാരത്തിലെത്തുമ്പോള്‍ 6 മാസത്തിനുള്ളില്‍ പഠിച്ച് അടിയന്തിരമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.