രാജിവ് ഗാന്ധിയെ കൊന്നത് പോലെ മോദിയെയും വധിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ വധിച്ച രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ചിലർ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പൂനെ പോലീസ് ആണ് ഈ വിവരം പുറത്തു വിട്ടത്. വ്യാഴാഴ്ച കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം വെളിവാക്കുന്ന കത്ത് പോലീസിന് ലഭിച്ചു എന്നാണ് കോടതിയെ അറിയിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് നിര്‍ണായക സൂചന നല്‍കുന്ന കത്ത് കണ്ടു കിട്ടിയത്. ഭീമ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് മുംബൈ, നാഗ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ദളിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, റോണ വില്‍സണ്‍ എന്നിവരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിനു ശേഷം റോണ വില്‍സണിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് കത്ത് കണ്ടെത്തുന്നത്. എം 4 റൈഫിളും നാല് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി ആവശ്യമുള്ളതിനെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ രാജീവ് ഗാന്ധി സംഭവത്തിന്റെ മാതൃകയില്‍ മറ്റൊരു വധത്തെ കുറിച്ചും കത്തില്‍ സൂചനയുണ്ടെന്ന് ഉജ്ജ്വല പവാര്‍ പറയുന്നു. “മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കാം പരാജയപ്പെടുകയും ചെയ്യാം എന്നിരുന്നാലും പാര്‍ട്ടി ഈ പ്രമേയത്തില്‍ ഉറച്ചു നില്‍ക്കണം” കത്തില്‍ പറയുന്നു.

എല്‍ഗര്‍ പരിഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും മറ്റും സാമ്പത്തികമായ സഹായം നല്‍കിയത് മാവോയിസ്റ്റുകളാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഗഡ്ചിരോളിയില്‍ അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് ഗാഡ്‌ലിങ്ങുമായി പരോക്ഷ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് നാഗ്പുരിലെ ഗാഡ്‌ലിങ്ങിന്റെ വീട്ടില്‍ നിന്ന് ലഭിച്ച കത്ത് വെളിവാക്കുന്നതെന്നാണ് പോലീസ് വാദം.