അണികള്‍ അറിയാതെ പോകുന്ന നേതാക്കള്‍
രാജയസഭാ സീറ്റ് കേരളാകോണ്‍ഗ്രസ്സിന് അടിയറവ് വെച്ചതില്‍ പ്രതിഷേദം തുടരുകയാണ്. ഇതിന് പിന്നില്‍ നേതാക്കളുടെ സ്ഥാപിത താത്പര്യങ്ങള്‍ മാത്രമെന്നത് പകല്‍ പോലെ വ്യക്തം, എങ്കില്‍ കൂടി ഇവരെ തോളിലേറ്റണ്ട ഗതികേടിലാണ് UDF പ്രവര്‍ത്തകരായ ഓരോരുത്തരും. ആത്മാഭിമാനം പണയം വെക്കാത്തവര്‍ പ്രതികരിച്ചു, മറ്റു മാര്‍ഗ്ഗമില്ലാത്തവര്‍ തങ്ങളുടെ പരമ്പരാഗത കോണ്‍ഗ്രസ്സ് സ്‌നേഹം വഴിയില്‍ ഉപേക്ഷിക്കാന്‍ മനസ്സില്ലാതെ വീണ്ടുമീ വിഴുപ്പ്ഭാണ്ഡം ചുമക്കുകയെന്ന നിര്‍വ്വികാരത സ്വയം വരിച്ചു.
‘രാജ്യസഭാ സീറ്റ്’ എന്താണ് സംഭവിച്ചത്:
ഇത് പെട്ടെന്നുണ്ടായോരു തീരുമാനമാണോ? ഏതൊരു വ്യക്തിയും സംശയിച്ച് പോകുന്ന ഒന്നാണ് ഹൈകാമാന്റിന്റെ ഈ തീരുമാനം. ഇതിന് പിന്നിലെ നേതാക്കളുടെ കൊടുക്കല്‍ വാങ്ങലുകളെകുറിച്ച് അണികള്‍ ആരും തന്നെ ബോധവാന്മാരുമല്ല എന്നതും, ഇനി ആവുകയുമില്ലന്നുള്ള നേതാക്കളുടെ ധൈര്യം തന്നെയാണ് പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ചയില്ലാതെയുള്ള തീരുമാനത്തിനടിസ്ഥാനം.
സഭയിലെ പ്രേത്യേക ബ്ലോക്ക്:
മൂന്ന് കു എന്നൊരു പദപ്രയോഗം എല്ലാവര്‍ക്കുമറിയാവുന്നതാണ് കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലികുട്ടി ഈ ത്രയം എന്ത് തീരുമാനിക്കുന്നുവോ അത് മാത്രമാണ് UDFല്‍ നടപ്പാവുക. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പ്രതിപക്ഷ നേതാവെന്ന പദം അലങ്കരിക്കാന്‍ ചെന്നിത്തലയെത്തുന്നതോടെയാണ് കെ. എം. മാണി നിയമസഭയില്‍ പ്രേത്യേക ബ്ലോക്കെന്ന നിലപാടിലെത്തുന്നത്. ഇതിന് പിന്നിലാകട്ടെ കുഞ്ഞാലിക്കുട്ടിയും, ഉമ്മന്‍ചാണ്ടിയും. മാണിയെ മുന്‍ നിര്‍ത്തി ആവശ്യം വരുമ്പോള്‍ യുഡിഎഫിലും, ഹൈക്കമാന്റിലും വിലപേശുക എന്നതും ചെന്നിത്തലയുടെ കയ്യില്‍ യു.ഡിഎഫ് ഭദ്രമല്ലെന്നുള്ള വാദമുയര്‍ത്തുക എന്നതും തന്നെയായിരുന്നു ലക്ഷ്യം.
മാണിയും, കുഞ്ഞാലിക്കുട്ടിയും, ഉമ്മന്‍ചാണ്ടിയും എന്താഗ്രഹിച്ചോ അതിനേക്കാള്‍ നന്നായി പ്രതിപക്ഷ നേതാവെന്ന സ്ഥാനത്ത് താനൊരു തികഞ്ഞ പരാജയമെന്നത് ചെന്നിത്തല സ്വയം തെളിയിക്കുകയും ചെയ്തു. ഇങ്ങനെയെല്ലാമാണെങ്കില്‍ കൂടി കോണ്‍ഗ്രസ്സ് അണികളിലും, പ്രത്യേകിച്ച് യുവനിരയിലും കെ.എം. മാണി എന്ന രാഷ്ട്രീയ വഞ്ചകനോടുള്ള രോക്ഷം പുകയുന്നുണ്ടായിരുന്നു. മാണീ ഗ്രൂപ്പ് എല്‍.ഡി.എഫു മായി ചര്‍ച്ച, ബി.ജെ.പി.യുമായി ചര്‍ച്ച എന്നിങ്ങനെ കെ.എം. മാണിക്കായി സമയാ സമയങ്ങളില്‍ വാദമുഖം തുറന്നിട്ട് ചര്‍ച്ചകള്‍ സജീവമാക്കികൊണ്ടുമിരുന്നു. കെ.എം. മാണിയോടുള്ള എതിര്‍പ്പ് മുന്നണിയിലും പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായതോടെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ മാണിയെ തിരിച്ചെത്തിക്കുക എന്ന കുഞ്ഞാലികുട്ടിയുടെയും, ഉമ്മന്‍ചാണ്ടിയുടെയും ലക്ഷ്യത്തിന് വന്‍തിരിച്ചടിയായി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്ന തുറുപ്പ്ഗുലാന്‍:
കാര്യങ്ങള്‍ ഈ രീതിയില്‍ പോകുമ്പോഴാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്ന തുറുപ്പ് ചീട്ട് കയ്യിലെത്തുന്നത്. പിന്നീട് സംഭവിച്ചതെന്തെന്ന് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടുമിരിക്കുകയാണ്. ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോല്‍വി എന്നത് മറ്റാരേക്കാളും ആഗ്രഹിച്ചത് ഈ ത്രയങ്ങളാണ്. ഇതിലൂടെ അവരാഗ്രഹിച്ചതെന്തോ അതിനി എളുപ്പം നടപ്പാകും.
ആഗ്രഹങ്ങളും, നടപ്പിലാക്കുന്നതും:
ചെങ്ങന്നൂരിലെ തോല്‍വിയിലൂടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെ ചെന്നിത്തലയുടെ കഴിവുകേട് തെളിയിക്കപ്പെടുന്നു. മാണിയെ തിരികെ UDF ല്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാമുഖ്യത്തോടെ തിരികെ എത്തിക്കുന്നു. രാജ്യസഭാ സീറ്റും ഒപ്പം മാണി ആഗ്രഹിക്കുന്ന ലോകസഭാ സീറ്റും നേടി നല്‍കുന്നു. മാണി ഗ്രൂപ്പ് തിരികെയെത്തുന്നതോടെ UDF ല്‍ വീണ്ടും ചെന്നിത്തലക്കെതിരെ സമ്മര്‍ദ ഗ്രൂപ്പായി മാണിയെ കുഞ്ഞാലിക്കുട്ടിയും, ഉമ്മന്‍ചാണ്ടിയും അവസരത്തിനൊത്ത് ഉപയോഗപ്പെടുത്തുന്നു.