കോണ്ഗ്രസ് നാശത്തിലേയ്ക്ക് എന്ന് സുധീരന്‍ ; മാണി പങ്കെടുത്ത യോഗത്തില്‍ നിന്നും ഇറങ്ങി പോയി

സ്വന്തം രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവ് വെച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു, ഇതിന്റെ ഗുണഭോക്താവായിരിക്കുന്നത് ബി.ജെ.പിയാണെന്നു കോണ്ഗ്രസ് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. മാണി മുന്നണിയിലേക്ക് വരുന്നതിന് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ അതിന് ഉപയോഗിച്ച രീതി കോണ്‍ഗ്രസിനെ വലിയ നാശത്തിലേക്കാണ് നയിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. വിനാശകരമായ തീരുമാനമാണിത്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു. ഇതുപോലൊരു പ്രതിഷേധമുണ്ടാക്കുന്ന സംഭവം കോണ്‍ഗ്രസില്‍ ഇതുവരെയുണ്ടായിട്ടില്ല.

എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള തീരുമാനമായിരുന്നു ഐക്യമുന്നണിയുടെ വിജയം. ഇപ്പോഴത്തെ ശൈലി ഒട്ടും സുതാര്യമല്ല. കോണ്‍ഗ്രസ് നശത്തിലേക്ക് പോവുകയായിരുന്നുവെന്നും അതിഗുരുതരമായ അവസ്ഥയാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്. ഇത് എങ്ങനെ പരിഹരിക്കുമെന്നും സുധീരന്‍ ചോദിച്ചു. പ്രവര്‍ത്തകരും ജനങ്ങളും ചര്‍ച്ചയാവുന്ന വിഷയമായത് കൊണ്ടാണ് പരസ്യമായി പറയുന്നത്. എന്ത് ഉദ്ദേശ്യം വെച്ചായിരുന്നോ ഇങ്ങനെയൊരു തീരുമാനമെടുത്തത് അതിന് നേരെ വിപരീതമായതാണ് സംഭവിച്ചതെന്നും സുധീരന്‍ പറയുന്നു. കെ.എം മാണി പങ്കെടുത്ത യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപോയ ശേഷം മാധ്യമങ്ങളെ കണ്ട സമയമാണ് സുധീരന്‍ തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്.