മറന്നുവച്ച ഒരു മില്യന്‍ ഡോളര്‍ ലോട്ടറി ടിക്കറ്റ് തിരിച്ചു നല്കി; ഇന്ത്യന്‍ വംശജന് 1200 ഡോളര്‍ പ്രതിഫലം
പി. പി. ചെറിയാന്
കാന്‍സസ്: കടയില്‍ മറന്നുവച്ച ഒരു മില്യന്‍ ഡോളര്‍ ലോട്ടറി ടിക്കറ്റ് തിരിച്ചു നല്കിയ ഇന്ത്യന്‍ വംശജനു ലോട്ടറി ടിക്കറ്റ് വിജയിയായ കസ്റ്റമര്‍ 1200 ഡോളര്‍ പ്രതിഫലം നല്കി. മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള കണ്‍വീനിയന്‍സ് സ്റ്റോറിന്റെ ചുമതല വഹിക്കുന്നത് മകന് കാള്‍ പട്ടേലാണ്. സ്ഥിരം കസ്റ്റമറായ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ സ്റ്റോറില്‍ മൂന്നു ലോട്ടറി ടിക്കറ്റുമായി എത്തി. സ്റ്റോര്‍ ക്ലാര്‍ക്കിനെ ടിക്കറ്റ് പരിശോധിക്കാനായി ഏല്പിച്ചു. മൂന്നു ടിക്കറ്റ് കൈവശം ഉണ്ടായിരുന്നുവെങ്കിലും രണ്ടെണ്ണം പരിശോധിച്ചു സമ്മാനം ഇല്ലെന്നു ബോധ്യപ്പെട്ടതോടെ കടയില്‍ നിന്നും ഇയാള്‍ പുറത്തുപോയി.
അശ്രദ്ധമായി കിടന്ന മറ്റൊരു ലോട്ടറി ടിക്കറ്റ് സ്റ്റോര്‍ക്ലാര്‍ക്ക് പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളറാണ് ടിക്കറ്റിന് ലഭിച്ചിരുന്നത്. ഉടന്‍ വിവരം കാളിനെ അറിയിച്ചു. ഒരു നിമിഷം ആലോചിച്ചു പരിചയമുള്ള കസ്റ്റമറെ അന്വേഷിച്ചു പുറത്തുപോയി. ആദ്യം കണ്ടെത്താനായില്ലെങ്കിലും പിറ്റേ ദിവസവും കാള്‍ ഇയാള്‍ താമസിക്കുന്ന സ്ഥലമാകെ അരിച്ചുപെറുക്കി. ഇതിനിടയില്‍ കസ്റ്റമറും മറ്റൊരാളും കൂടെ കാറില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരു വിധത്തില്‍ വാഹനം നിര്‍ത്തി വിവരം അറിയിച്ചു. ടിക്കറ്റു തിരിച്ചു നല്കി. 1200 ഡോളര്‍ ഇയാള്‍ പ്രതിഫലമായി നല്കി.
ഒരു മില്യണ്‍ ഡോളറിന്റെ ടിക്കറ്റ് വേണമെങ്കില്‍ എനിക്കെടുക്കാമായിരുന്നു. പക്ഷേ ജീവിതകാലം മുഴുവന്‍ കുറ്റബോധത്തോടെ എനിക്ക് ജീവിക്കാനാവില്ല. കാള്‍ പറഞ്ഞു. ടിക്കറ്റ് തിരിച്ചു നല്‍കിയതില്‍ അതീവ സംതൃപ്തിയുണ്ട്.- കാള്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ ഇത്തരം വിശ്വസ്തരായവരെ കണ്ടുമുട്ടുക വളരെ വിരളമാണ്. ടിക്കറ്റു ലഭിച്ച സന്തോഷം മറച്ചുവയ്ക്കാതെ കസ്റ്റമര്‍ പറഞ്ഞു.