അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയില്‍ മോചിതനായി എന്ന് റിപ്പോര്‍ട്ടുകള്‍

കടബാധ്യതയെ തുടര്‍ന്ന് തടവിലായിരുന്ന സ്വര്‍ണക്കട ശൃംഖല ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി റിപ്പോര്‍ട്ട്. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണ് വിവരം. എന്നാല്‍ ഈ വിവരം ബന്ധുക്കളെ ഉദ്ധരിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബായില്‍ ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ഇക്കാലമത്രയും ജയില്‍ വാസം അനുഭവിച്ചുവരുകയായിരുന്നു.

രണ്ട് വര്‍ഷത്തോളമായി സ്വത്തുക്കളെല്ലാം നല്‍കി ജയിലില്‍നിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ഭാര്യ ഇന്ദു രാമചന്ദ്രന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. പിന്നീടാണ് കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടത്. ബിസിനസ് വിപുലപ്പെടുത്തുന്നതിനായി വലിയൊരു തുകയാണ് വായ്പയായി അറ്റ്ലസ് രാമചന്ദ്രന്‍ വിവിധ ബാങ്കുകളില്‍നിന്നായി എടുത്തത്. 2015 ഓഗസ്റ്റ് 23-നാണ് ചെക്കുകള്‍ മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ ജയിലിലാകുന്നത്. 34 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ ത്തുടര്‍ന്നായിരുന്നു ദുബായ് പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. ജി.സി.സി. രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് 500 ദശലക്ഷം ദിര്‍ഹത്തിന്റെ (877 കോടി രൂപയിലേറെ) കടബാധ്യത തീര്‍ക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു.

എന്നാല്‍ അക്കാര്യത്തില്‍ പുരോഗതി ഉണ്ടായില്ല. ചെക്കുകേസുകളില്‍ പെട്ട് ദുബായ് കോടതി ഒക്ടോബര്‍ 28-ന് രാമചന്ദ്രനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്. അതേസമയം ബാങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും, സ്വര്‍ണം വാങ്ങാന്‍ വായ്പനല്‍കിയ വ്യക്തി നല്‍കിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നത്. അതിലും ധാരണയിലെത്തിയതോടെ മോചനം സാധ്യമായതെന്നാണ് വിവരം.