ഇന്ത്യ 1950 ഫുട്‌ബോള്‍ ലോകകപ്പിന് പോയില്ല: സംഭവിച്ചതെന്ത് ?


ഇന്ത്യ 1950 ഫുട്‌ബോള്‍ ലോകകപ്പിന് പോയില്ല. ആ ചരിത്രം ഇങ്ങനെ:

റഷ്യ വേദിയാകുന്ന ഫിഫയുടെ 21 ആമത് ലോകകപ്പ് ജൂണ്‍ 14ന് കൊടിയേറും. ഇത്തവണയും ഇന്ത്യന്‍ ടീം ഇല്ല. 68 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1950ല്‍ ഫിഫ സംഘടിപ്പിച്ച നാലാം ലോകകപ്പില്‍ ഇടം നേടിയിട്ടും ഇന്ത്യ പങ്കെടുത്തില്ല.


ലോകകപ്പ് ആദ്യമായി ലാറ്റിനമേരിക്കയില്‍
1938ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകുപ്പിനു ശേഷം രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് 12 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് 1950ല്‍ ബ്രസീല്‍ ആതിഥേയരാകുന്നത്. ഫിഫയുടെ ഭരണസമിയില്‍ ബ്രിട്ടീഷ് അധിപത്യമായിരുന്നു അതിനുമുന്‍പ്. ആദ്യ മൂന്നു മത്സരവും നടന്നത് യൂറോപ്പില്‍. യുദ്ധം കഴിഞ്ഞു അസ്ഥിരമായ യൂറോപ്പിലോ അമേരിക്കയിലോ കാളി നടത്താന്‍ കഴിഞ്ഞില്ല. അങ്ങിനെയാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലേക്ക് ലോകകപ്പ് എത്തുന്നത്.

ടീമുകളുടെ പിന്മാറ്റം
1950 ബ്രസീല്‍ ലോകകപ്പിന് ആദ്യം യോഗ്യത നേടിയത് 16 ടീമുകളായിരുന്നു. 4 ഗ്രൂപ്പുകള്‍ ഓരോന്നിലും 4 ടീമുകള്‍. ഇറ്റലി, സ്വീഡന്‍, പരാഗ്വേ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയില്‍ ഇന്ത്യ. എന്നാല്‍ ലോകകപ്പില്‍ നിന്നും ആദ്യം സ്‌കോട്‌ലാന്‍ഡ്, പിന്നെ തുര്‍ക്കിയും, ഇന്ത്യയും പിന്മാറി. മൂവര്‍ക്കും വ്യത്യസ്ത കാരണങ്ങള്‍.

സ്‌കോട്ട്‌ലാന്‍ഡ്
ഫുട്ബാളിന്റെ ജന്മനാടായ ബ്രിട്ടീഷ് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് കപ്പ്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വേല്‍സ്, വടക്കന്‍ അയര്‍ലണ്ട് എന്നീ നാല് ടീമുകള്‍ കളിക്കുന്ന ബ്രിട്ടീഷ് ഹോം ചാമ്പ്യന്‍ഷിപ്. 1950 ബ്രസീല്‍ ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന വാശിയേറിയ ചാമ്പ്യന്‍ഷിപ്പ്, ഈ സമയം ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്‍ഡും ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു. സ്‌കോട്ടിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഗ്രഹാം ഒരു തീരുമാനം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഹോം ചാമ്പ്യന്‍ഷിപ് ജയിച്ചാല്‍ മാത്രമേ സ്‌കോട്ട്‌ലാന്‍ഡ് ബ്രസീലില്‍ ലോകകപ്പിന് പോകൂ. വാശിയേറിയ ഫൈനലില്‍ 1-0 എന്ന സ്‌കോറിന് സ്‌കോട്ട്‌ലാന്‍ഡ് ഇംഗ്ലണ്ടിനോട് തോറ്റു. ചെയര്‍മാന്‍ ഗ്രഹാം തീരുമാനത്തില്‍ ഉറച്ചു നിന്നു. സ്‌കോട്ടിഷ് ക്യാപ്റ്റന്‍ ജോര്‍ജ് യങ്ങിനു പുറമെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബില്ലി റൈറ്റും ഗ്രഹമിനോട് കേണപേക്ഷിച്ചു തീരുമാനം മാറ്റാന്‍, പക്ഷെ ഗ്രഹാം തയ്യാറായില്ല.

തുര്‍ക്കി
സാമ്പത്തികമായ പരാധീനതയും ബ്രസീല്‍ വരെ ടീമിനെ എത്തിക്കാനുള്ള ഭീമമായ യാത്രാച്ചിലവും കാരണമാണ് തുര്‍ക്കി ലോകകപ്പില്‍ നിന്നും അന്ന് പിന്മാറിയത്.

ഇന്ത്യ പിന്മാറിയത് എന്തുകൊണ്ട് ?
1948 ഒളിമ്പിക്‌സിന് ശേഷം നഗ്‌നപാദരായി കളിക്കുന്നത് ഫിഫ നിരോധിച്ചു. 1948 ഒളിമ്പിക്‌സില്‍ ഇന്ത്യ ഫ്രാന്‍സിനോട് 2-1 നു തോറ്റിരുന്നു. ഇന്ത്യ അന്നുവരെ നഗ്‌നപാദരായി ആണ് ഫുട്‌ബോള്‍ കളിച്ചിരുന്നത്. ബൂട്ട് ഉപയോഗിച്ച് കളിക്കുന്നതിലുള്ള പരിചയമില്ലായ്മ അതിനുവേണ്ടിയുള്ള പരിശീലനത്തിനുള്ള സമയക്കുറവും, ടീം സെലെക്ഷന്‍, യാത്രാചിലവ് എന്നിവ കാരണമാണ് ഇന്ത്യ പിന്മാറാന്‍ AIFF തീരുമാനിച്ചത്. മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആയ AIFF ആ കാലഘട്ടത്തില്‍ ഫിഫ ലോകകപ്പിനെക്കാള്‍ പ്രാമുഖ്യം നല്‍കിയിരുന്നത് ഒളിംപിക്സിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെനിന്നും ഭൂമിയുടെ മറ്റേ അറ്റത്തുള്ള ബ്രസീലിലേക്ക് കപ്പല്‍മാര്‍ഗ്ഗം ടീമിനെ അയക്കാന്‍ താല്പര്യപെട്ടില്ല.


ഇന്ത്യയുടെ ഒളിംപിക്സ് ഫുട്‌ബോള്‍
ബൂട്ട് ധരിച്ചു കളിയ്ക്കാന്‍ കഴുത്തതുകൊണ്ടു മാത്രമാണ് ഇന്ത്യ 1950ല്‍ പിന്മാറിയത് എന്നൊരാക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ 3 ടൂര്‍ണ്ണമെന്റ് മാത്രം പ്രായമുള്ള ഫിഫ ലോകകപ്പിനോടല്ല നൂറ്റാണ്ടു പഴക്കമുള്ള ഒളിംപിക്സ് ആയിരുന്നു അന്ന് AIFFന് പ്രിയം. ‘ലോകകപ്പിനെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല അന്ന്, ഒളിംപിക്സ് ആയിരുന്നു നമുക്ക് അന്തസ്സും അഭിമാനവും, അതില്‍ വലുതായി വേറെ ഒന്നും ഇല്ല’ അന്നത്തെ ക്യാപ്റ്റന്‍ സൈലന്‍ മന്ന പറഞ്ഞതിങ്ങനെ.

1948 ഒളിംപിക്സില്‍ പ്രാഥമിക റൗണ്ടില്‍ ഫ്രാന്‍സിനോട് 2-1നു തോറ്റിരുന്നു. അന്ന് നഗ്‌നപാദരായും സോക്സ് മാത്രമുപയോഗിച്ചും ആണ് ഇന്ത്യ കളിച്ചത്. 1-1 എന്ന നിലയില്‍ സമനില പിടിച്ചുനില്‍ക്കവേ 90 ആം മിനിറ്റിലാണ് ഫ്രാന്‍സ് രണ്ടാം ഗോള്‍ നേടി വിജയിച്ചത്. അന്നത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടനായ ജോര്‍ജ് നാലാമന്‍ രാജാവ് സയ്യിദ് അബ്ദുല്‍ റഹീം പരിശീലിപ്പിച്ച ടീമിനെ ബക്കിങ്ഹാം കൊട്ടരത്തിലേക്ക് ക്ഷണിച്ച് വിരുന്നു നല്‍കിയിരുന്നു. ഫോര്‍വേഡ് കളിച്ചിരുന്ന അഹ്മദ് ഖാനെ അദ്ദേഹത്തിന്റെ പന്തടക്കത്തെ പ്രകീര്‍ത്തിച്ച് അന്നത്തെ ബ്രിട്ടീഷ് പത്രങ്ങള്‍ വിളിച്ചത് ‘സ്‌നേക്ക് ചാര്‍മര്‍’ എന്നാണ്.

ബൂട്ടുപയോഗിച്ചു തുടങ്ങിയത് എപ്പോള്‍
1952ല്‍ ഫിന്‍ലണ്ടിലെ ഹെല്‍സിങ്കിയില്‍ നടന്ന ഒളിംപിക്സിലും ഇന്ത്യ നഗ്‌നപാദരായി തന്നെ കളിച്ചു. തണുത്തുറഞ്ഞ മൈതാനിയില്‍ ബൂട്ടില്ലാതെ കളിച്ച ഇന്ത്യ യൂഗോസ്‌ളാവിയയോട് 10-1 എന്ന ദയനീയ സ്‌കോറിനാണ് തോല്‍ക്കുന്നത്. ആ ദയനീയ തോല്‍വിക്ക് ശേഷമാണ് ഇന്ത്യന്‍ കളിക്കാര്‍ ബൂട്ടുപയോഗിച്ചു കളിക്കുന്നത് AIFF നിര്‍ബന്ധമാക്കുന്നത്.

15 ടീമുകളുമായി നടന്ന 1950 ബ്രസീല്‍ ലോകകപ്പ്
മൂന്നു ടീമുകള്‍ പിന്മാറിയ ഇടം നികത്താന്‍ ആദ്യം യോഗ്യത നേടാതിരുന്ന പോര്‍ച്ചുഗല്‍, ഇയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവരെ ഫിഫ ക്ഷണിച്ചു. എന്നാല്‍ ഫ്രാന്‍സ് ഒഴികെ ബാക്കി രണ്ടു രാജ്യങ്ങളും ക്ഷണം നിരസിച്ചു. അങ്ങിനെ 15 ടീമുകളുമായാണ് 1950 ലോകകപ്പ് നടന്നത്. ഗ്രൂപ്പ് ഡി യിലുണ്ടായിരുന്നത് വെറും മൂന്നു ടീമുകള്‍.


ബ്രസീലിനെ സ്വന്തം നാട്ടില്‍ 2-1 നു തോല്‍പ്പിച്ച് ഉറുഗ്വേയ് 1950 ലോകകപ്പ് നേടി. ഉറുഗ്വെയുടെ രണ്ടാം ലോകകപ്പ് വിജയമാണിത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ 3-1 ന് സ്‌പെയിനിനെ തോല്‍പ്പിച്ച് സ്വീഡന്‍ മൂന്നാം സ്ഥാനവും നേടി.