കിം ജോങ്ങിന് വഴി ഒരുക്കി ഒരു പരുവമായി ചൈന

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചരിത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ചക്കായി സിങ്കപ്പൂരിലെത്തിയ കിമ്മിന് യാത്രയക്ക് വേണ്ടിയുള്ള വഴി ഒരുക്കിയ ചൈന നേരിട്ടത് വന്‍വെല്ലുവിളി. കിമ്മിന്റെ ആകാശയാത്രക്കായി ചൈനയാണ് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. എയര്‍ ചൈനയുടെ ബോയിങ് 747 വിമാനത്തിലാണ് കിം സിംഗപ്പൂര്‍ ചാങ്കി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. കിമ്മിന്റെ കൂടെയുള്ള സംഘത്തിനായി മറ്റൊരു വിമാനവും. അതോടൊപ്പം കിമ്മിനും സംഘത്തിനും സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ ഉത്തരകൊറിയയില്‍ നിന്ന് വിമാനത്തില്‍ കൊണ്ടുവരികയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ വധഭീഷണി നേരിടുന്ന തലവനായ കിം ജോങ് ഉന്നിനെ സിംഗപ്പൂരിലെത്തിക്കുക എന്നത് ചൈനയ്ക്ക് വെല്ലുവിളിയായിരുന്നു.

കിമ്മിന്റെ വിമാനം പോകുന്ന റൂട്ടിലെ എല്ലാ വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് വ്യോമ ഭീഷണി ഒഴിവാക്കിയത്. ഭീഷണി ഒഴിവാക്കാന്‍ ചൈനയുടെ വ്യോമ പരിധിയില്‍ കൂടിയാണ് വിമാനം കൂടുതലും സഞ്ചരിച്ചത്. സ്വന്തമായി സുരക്ഷിതമായ വിമാനമില്ലാത്ത ഉത്തരകൊറിയന്‍ ഭരണാധികാരിയെ സുരക്ഷിതമായി സിങ്കപ്പൂരിലെത്തിക്കാന്‍ ചൈനയ്ക്ക് കുറച്ചൊന്നുമല്ല വിയര്‍പ്പൊഴുക്കേണ്ടിവന്നത്. സിങ്കപ്പൂരിലെത്തിയ കിം ബെന്‍സ് സെഡാനില്‍ അനുയായികള്‍ക്കൊപ്പം താമസിക്കാനുള്ള ഹോട്ടലിലേക്ക് തിരിച്ചു. ഉത്തരകൊറിയന്‍ പതാക ഘടിപ്പിച്ച രണ്ട് കാറുകളാണ് കിമ്മിന് സഞ്ചരിക്കാനായി എത്തിച്ചത്. ഇവയ്‌ക്കൊപ്പം 20 വാഹനങ്ങളാണ് അകമ്പടി സേവിച്ചത്.