മോഹന്‍ലാല്‍ സിനിമയിലെ യുവനടിയുടെ കാര്‍ അപകടത്തില്‍ പെട്ടു ; കാഴ്ച്ചക്കാരായി പൊതുജനം ; സഹായം എത്തിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ്


മോഹന്‍ലാല്‍ നായകനാകുന്ന നീരാളി എന്ന സിനിമയിലെ നടിയായ മേഘ മാത്യുവാണ് ഒരു മണിക്കൂറോളം തലകീഴായി മറിഞ്ഞ കാറിനു ഉള്ളില്‍ ആരും സഹായിക്കാനില്ലാതെ കിടന്നത്. മേഘയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടസമയത്ത് കാറില്‍ മേഘ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാലത്ത് ഒന്‍പത് മണിക്ക് എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്നു മേഘ. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്.

എന്നാല്‍, ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഒരു മണിക്കൂറോളം നേരം കാര്‍ തലകീഴായി തന്നെ റോഡരികില്‍ കിടന്നു. മേഘയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതുമില്ല. പലരും വന്നു നോക്കിയെങ്കിലും ആരും രക്ഷിക്കാന്‍ തയ്യാറായില്ല. അപകടം കണ്ടു സ്ഥലത്ത് എത്തിയ ഒരു ഫോട്ടോഗ്രാഫറാണ് പിന്നീട് രക്ഷിച്ച് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് മേഘ പ്രേക്ഷക ശ്രദ്ധ നേടിയത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി, ആസിഫ് അലി നായകനാകുന്ന മന്ദാരം തുടങ്ങിയവയാണ് മേഘയുടെ മറ്റ് ചിത്രങ്ങള്‍. കൈയിലെ ചതവൊഴിച്ചാല്‍ മേഘയ്ക്ക് വേറെ സാരമായ പരിക്കുകളൊന്നുമില്ല.