കൊച്ചിയില്‍ വന്‍ വാതക നിക്ഷേപം കണ്ടെത്തി ; പുറത്തെടുത്താല്‍ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി മാറും
രാജ്യത്തിന്റെ വികസനമോഹങ്ങള്‍ക്ക് പുതു സ്വപ്നങ്ങള്‍ നല്‍കി കൊച്ചിയുള്‍പ്പടെ രാജ്യത്തെ മൂന്നിടങ്ങളില്‍ വന്‍ വാതക നിക്ഷേപം കണ്ടെത്തി. കൊച്ചി,കൃഷ്ണ-ഗോദാവരി തടങ്ങള്‍,കാവേരി തടം എന്നിവിടങ്ങളിലുമായി 130 ലക്ഷം കോടി ക്യൂബിക്ക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് ഈ കണ്ടെത്തലിനു പിന്നില്‍. പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ 300 വര്‍ഷത്തെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനുതകുന്നതാണ് ഈ വാതക നിക്ഷേപം എന്ന് പറയപ്പെടുന്നു. അതുപോലെ നിക്ഷേപത്തില്‍ മൂന്നിലൊരു ശതമാനവും കൊച്ചിയിലാണ് എന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കും ഗുണകരമാണ്.
എണ്ണ-പ്രകൃതി വാതക കോര്‍പ്പറേഷന്‍, യു.എസ്. ജിയോളജിക്കല്‍ സര്‍വേ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേര്‍ന്ന് ഇത് ഖനനം ചെയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇതിനായി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ചിലവുകള്‍ ഓയില്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് ബോര്‍ഡ് (ഒ.ഐ.ഡി.ബി.), ഒ.എന്‍.ജി.സി, ഗെയില്‍, ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്ന് ചെലവ് വഹിക്കും. ഒ.ഐ.ഡി.ബി. 200 കോടി രുപ അനുവദിച്ചിട്ടുണ്ട്. കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക. ഇതിനു മുന്‍പ് 2009 ലും 2013 ലും കൊച്ചിയില്‍ ആഴക്കടലില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം നടത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടുതവണ കുഴിച്ചപ്പോഴും നിരാശയായിരുന്നു ഫലം.