ജസ്നയുടെ തിരോധാനം ; പരിചയക്കാരനായ യുവാവിനെ നുണപരിശോധന നടത്താന്‍ പോലീസ്
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌നയുടെ പരിചയക്കാരനായ യുവാവിനെ നുണപരിശോധന നടത്താന്‍ പോലീസ് തീരുമാനം. ജസ്നയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അടക്കം നിരവധി പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. അക്കൂട്ടില്‍ ജസ്നയുടെ സുഹൃത്തായ ഒരു യുവാവിലാണ് ഇപ്പോള്‍ പോലീസിന്റെ ശ്രദ്ധ ഉടക്കി നില്‍ക്കുന്നതും. ഇയാളും ജസ്നയും തമ്മിലുള്ള ഫോണ്‍ കോളുകളാണ് പോലീസില്‍ സംശയമുണ്ടാക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ബന്ധുക്കള്‍ ഒഴികെ ഉള്ളവരുടെ വിളികളുടെ ലിസ്റ്റ് പോലീസ് എടുത്തത്. അക്കൂട്ടത്തില്‍ പോലീസ് സംശയിക്കുന്ന ഈ യുവാവുമായി ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണയാണ് ജസ്ന ഫോണില്‍ സംസാരിച്ചിരിക്കുന്നത്. കാണാതാകുന്നതിന് തൊട്ട് മുന്‍പും ഇയാള്‍ ജസ്നയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
ഈ യുവാവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം. നേരത്തെ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ജസ്നയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. ജസ്ന എവിടെപ്പോയി എന്നത് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന്റെ ഇടയില്‍ ഇയാള്‍ എന്തോ മറച്ചു വെക്കുന്നതായി പോലീസിന് സംശയം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഫോണ്‍ കോളുകളുടെ പേരില്‍ ഇയാളെ നുണ പരിശോധന നടത്തുവാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ജസ്നയെ കാണാതായതിന്റെ പിറ്റേ ദിവസം ഈ യുവാവ് പരുന്തുംപാറയില്‍ പോയിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഈ യുവാവിനെ നുണപരിശോധന നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. അതിനിടെ ജസ്നയെ ചെന്നൈയില്‍ വെച്ച് കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ചെന്നൈ അനാവരത്ത് വെള്ളല സ്ട്രീറ്റില്‍ വെച്ച് ജസ്നയെ കണ്ടു എന്നാണ് സ്ഥലവാസിയായ അലക്സ് പോലീസിന് അറിയിച്ചത്. ഒരു കടയില്‍ നിന്നും കോയിന്‍ ബൂത്തില്‍ ഫോണ്‍ ചെയ്യുന്ന ജസ്നയെ കണ്ടതായി അലക്സ് എരുമേലി പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് നടപടിയൊന്നും എടുത്തില്ല എന്നാണ് ആക്ഷേപം ഉയരുന്നത്. മാര്‍ച്ച് 26ന് വൈകിട്ടാണ് ജസ്നയെ കണ്ടതെന്ന് അലക്സ് പറയുന്നു. കടയില്‍ സാധനം വാങ്ങിക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടി കോയിന്‍ ബോക്സില്‍ നിന്നും ഫോണ്‍ ചെയ്ത് കഴിഞ്ഞിരുന്നു. എന്നാല്‍ അപ്പോഴല്ല, പിറ്റേ ദിവസം വാര്‍ത്ത കണ്ടപ്പോഴാണ് ആ പെണ്‍കുട്ടി ജസ്നയാണ് എന്ന് മനസ്സിലായത്. ജസ്നയെ കാണാതാവുമ്പോള്‍ മൊബൈല്‍ എടുത്തിരുന്നില്ല എന്ന വിവരം കൂടി അറിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായതായും അയാള്‍ പറയുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെ പോലീസ് ബംഗ്ലൂര്‍ മൈസൂര്‍ എന്നിവിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അവിടെയൊന്നും ജെസ്‌നയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.