ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും സഞ്ചു പുറത്ത്


ഇന്ത്യ ‘എ’ടീമിന്റെ ഇംഗ്ലണ്ട് പര്യടന ടീമില്‍ നിന്നും സഞ്ജു സാംസണ്‍ പുറത്തായി. 23 കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്‌സ്മാന്‍ സഞ്ജുവിനെ കൂട്ടാതെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് തിരിച്ചു.

രാഹുല്‍ ദ്രാവിഡ് ആണ് ഇന്ത്യ ‘എ’ ടീമിന്റെ കോച്ച്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റ് ആയ യോയോ ടെസ്റ്റില്‍ സഞ്ജു പരാജയപ്പെട്ടു. നേടേണ്ട മിനിമം മാര്‍ക്കായ 16.1 നേടാനായില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 441 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

പര്യടനത്തിനുള്ള ടീമില്‍ ഇടം നേടിയ താരങ്ങള്‍ക്കൊപ്പം നാലുദിവസം മുന്‍പാണ് സഞ്ജു ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റിനായി എത്തിയത്. ഫിറ്റ്‌നസ് ടെസ്റ്റിനെ സഞ്ജു നിസ്സാരമായി കാണുകയും വേണ്ട പരിശീകലനം ചെയ്യാത്തത് കാരണവുമാണ് പിന്തള്ളപ്പെട്ടതു എന്ന് പറയുന്നു.

സഞ്ജുവിന് പകരക്കാരനെ ഉടനെ കണ്ടെത്തി ഇംഗ്ലണ്ടിലേക്ക് അയക്കും. ഇംഗ്ലണ്ട് ലയണ്‍സ്, വെസ്റ്റ് ഇന്‍ഡീസ് ‘എ’ ടീം എന്നിവരടങ്ങുന്ന ട്രയാങ്കുലര്‍ സീരീസ് ആയിരുന്നു സഞ്ജു കളിക്കേണ്ടിയിരുന്നത്. മികച്ച അനേകം യുവ കളിക്കാര്‍ക്കിടയില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് ഇടം നേടുന്നതു തന്നെ വളരെ പ്രയാസം എന്നിരിക്കെ ലഭിച്ച അവസരം വിനിയോഗിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. വളരെ നിരാശാജനകവും അപ്രതീക്ഷിതവും ആയിരുന്നു സഞ്ജുവിന്റെ യോയോ ടെസ്റ്റ് തോല്‍വി.