കൊച്ചിയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു (ഷോക്കിംഗ് വീഡിയോ)
കൊച്ചി ചേരാനല്ലൂരിലാണ് ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെയാണ് ഭര്‍ത്താവ് മനോജ് ക്വാര്‍ട്ടേഴ്‌സില്‍ കയറി ആക്രമിച്ചത്. വെട്ടേറ്റ് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സന്ധ്യ റോഡില്‍ വന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം. കുട്ടിയെ സ്‌കൂളില്‍ വിടാനായി പോയി തിരികെ വരികയായിരുന്ന സന്ധ്യയെ മനോജ് പതിയിരുന്ന് വെട്ടുകയായിരുന്നു. കൈക്കും മുഖത്തും വെട്ടേറ്റ സന്ധ്യ റോഡിലേക്ക് ഓടി കുഴഞ്ഞുവീഴുകയായിരുന്നു.
ഇതിനിടെ മനോജ് സന്ധ്യയുടെ അമ്മയെയും ആക്രമിച്ചിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിന് ശേഷം മനോജ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ചുതന്നെ ആത്മഹത്യ ചെയ്തു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഏറെ നാളായി അകന്നു കഴിയുകയായിരുന്നു സന്ധ്യയും മനോജും. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സന്ധ്യയും അമ്മയും അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.